റിസര്‍വ്വ് സീറ്റുകളില്‍ അധികം ഉറങ്ങേണ്ടെന്ന് റെയില്‍വ്വേ
ന്യൂഡല്‍ഹി: റിസര്‍വ്വ് ചെയ്ത സീറ്റുകളില്‍ ഉറങ്ങാനുള്ള സമയം റെയില്‍വ്വേ വെട്ടിക്കുറച്ചു. ഒരു മണിക്കൂറാണ് കുറച്ചത്. രാത്രി 10 മണി മുതല്‍ രാവിലെ ആറു മണി വരെ മാത്രമായിരിക്കും റിസര്‍വ്വ് ചെയ്ത ബെര്‍ത്തുകളില്‍ ഇനി ഉറങ്ങാനാവൂ. ബാക്കി സമയം മറ്റു യാത്രക്കാര്‍ക്കു കൂടി ഇരിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് നിര്‍ദേശം.
നേരത്തെ യാത്രക്കാര്‍ക്ക് ഉറങ്ങാന്‍ അനുവദനീയമായ സമയം രാത്രി ഒമ്പതു മുതല്‍ രാവിലെ ആറ് വരെയായിരുന്നു. ഇതാണിപ്പോള്‍ ഒരുമണിക്കൂര്‍ കുറച്ചത്. വശത്തെയും മുകളിലെയും ബര്‍ത്തുകളില്‍ സീറ്റ് ലഭിച്ചവര്‍ക്ക് രാത്രി പത്ത് മുതല്‍ രാവിലെ ആറുവരെ ലോവര്‍ ബര്‍ത്തില്‍ ഇരിക്കാനുള്ള അവകാശം ഉന്നയിക്കാന്‍ സാധിക്കില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.
അനുവദനീയമായ സമയത്തില്‍ കൂടുതല്‍ ഉറങ്ങുന്ന യാത്രക്കാര്‍ സഹയാത്രികര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വ്യാപകപരാതി ലഭിക്കുകയും മിക്കപ്പോഴും ഇതേചൊല്ലി വാക്കേറ്റം പതിവായതിനാലുമാണ് ഉറക്കസമയം ഒരുമണിക്കൂര്‍ കുറച്ച് റെയില്‍വേ പുതിയ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
പുതിയ നിര്‍ദേശം എല്ലാ റിസര്‍വ്ഡ് കോച്ചുകളിലും ബാധകമായിരിക്കും. എന്നാല്‍ ഗര്‍ഭിണിയായ സ്ത്രീകള്‍, അസുഖ ബാധിതര്‍, അംഗവൈകല്യമുള്ളവര്‍ എന്നിവര്‍ക്ക് ഇതില്‍ ഇളവ് നല്‍കിയിട്ടുണ്ട്. ഫസ്റ്റ്, സെക്കന്‍ഡ് എ.സി എന്നിവയില്‍ യാത്ര ചെയ്യുന്നവരെ ഉറക്കസമയം ബാധിക്കാനിടയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."