ഗതാഗതക്കുരുക്ക്: കരിപ്പൂരില്‍ യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് എത്തണം
കൊണ്ടോട്ടി: വിദേശ യാത്രക്കാര്‍ നാലു മണിക്കൂര്‍ മുന്‍പ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഹാജരാകണമെന്ന് പൊലിസിന്റെ നിര്‍ദേശം. വിമാനത്താവളത്തിലെ പുതിയ ടെര്‍മിനലിനു മുന്‍വശത്തെ നവീകരണ പ്രവൃത്തികളും പാര്‍ക്കിങ് സ്ഥലത്തെ അപര്യാപ്തതയും കനത്ത മഴയും കാരണം ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതിനിലാണ് യാത്രക്കാര്‍ നേരത്തെ എത്താന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഗതാഗതക്കുരുക്ക് രൂക്ഷമായ കരിപ്പൂരില്‍ വൈകി വരുന്നവര്‍ക്ക് സമയത്തിന് വിമാനത്താവളത്തില്‍ ഹാജരാവാന്‍ കഴിയാതെ വരികയും യാത്ര മുടങ്ങുകയും ചെയ്യുന്നുണ്ട്. യാത്രക്കാരെ സ്വീകരിക്കാനും യാത്രയയക്കാനുമായി കൂടുതല്‍ വാഹനങ്ങളിലെത്തുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വാഹനങ്ങള്‍ വിമാനത്താവളത്തില്‍ അധികം നേരം പാര്‍ക്ക് ചെയ്യാതെ യാത്രക്കാരെ കയറ്റിയും ഇറക്കിയും പെട്ടെന്ന് പുറത്തിറങ്ങണം. അംഗീകൃത സ്ഥലത്തല്ലാതെ മറ്റിടങ്ങളില്‍ പാര്‍ക്കിങ് അനുവദിക്കില്ല.
പുതിയ ടെര്‍മിനല്‍, നിലവിലെ ടെര്‍മിനലിലെ പ്രവൃത്തികള്‍ തുടങ്ങിയവയാണ് വിമാനത്താവളത്തില്‍ നടന്നുവരുന്നത്. ഗള്‍ഫിലേക്ക് കൂടുതല്‍ സര്‍വിസുള്ളതിനാല്‍ യാത്രക്കാരും വര്‍ധിച്ചിട്ടുണ്ട്. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ പോയ തീര്‍ഥാടകരുടെ മടക്കവും ആരംഭിച്ചതോടെ കരിപ്പൂരില്‍ കനത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."