മഞ്ചേരി മെഡിക്കല്‍ കോളജില്‍ രോഗികള്‍ക്കു ദുരിതംതന്നെ: ഇതൊക്കെ ആരോടു പറയാന്‍; ആരു കേള്‍ക്കാന്‍!
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സതേടിയെത്തുന്ന രോഗികളെ എക്സ്റേയെടുക്കാനായി കൊണ്ടുപോകണമെങ്കില്‍ രോഗികള്‍ അല്പധികം പ്രയാസമനുഭവിക്കണം. കൊണ്ടുപോകുമ്പോള്‍ വെയിലാണെങ്കില്‍ അതും മഴയാണെങ്കില്‍ അതും രോഗികള്‍ കൊള്ളണം. വേറെ നിര്‍വാഹമില്ല!.
ഇന്നലെ ജില്ലയുടെ വിവിധ ഭാഗങ്ങില്‍നിന്ന് അപകടം സംഭവിച്ചും മറ്റും ഇവിടെയെത്തിയ പത്തിലേറെ രോഗികളെയാണ് മഴയത്തു സ്ട്രെച്ചറില്‍ കിടത്തി കൊണ്ടുപോകേണ്ടിവന്നത്. കുഴിനിറഞ്ഞ മുറ്റത്തുകൂടി ഇത്തരത്തില്‍ കൊണ്ടുപോകുന്നതിനിടെ വേദന സഹിക്കാനാകാതെവന്ന രോഗികള്‍ക്കു കൂടെയുള്ളവര്‍ നല്കുന്ന സമാധാന വാക്കുകള്‍ മാത്രമാണ് ആശ്വാസം. ഇത്തരത്തില്‍ കൊണ്ടുപോകുമ്പോള്‍ രോഗികള്‍ ഏറെ പ്രയാസമനുഭവിക്കുന്നതായി ദൃക്സാക്ഷികളായ എസ്.കെ.എസ്.എസ്.എഫ് വിഖായ വളണ്ടിയര്‍മാര്‍ പറയുന്നു.
രോഗികളെ അഡ്മിറ്റ് ചെയ്യുന്ന പുതിയതും പഴയതുമായ രണ്ട് ആശുപത്രി ബ്ലോക്കുകളില്‍നിന്നും ഏകദേശം 150 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിലാണ് നിലവില്‍ എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. ആശുപത്രി കെട്ടിടങ്ങളിലൂടെ രോഗികളെ സ്ട്രെച്ചറില്‍ കിടത്തി പുറത്തെത്തിച്ചു മുറ്റംവഴി സ്ട്രക്ചര്‍ തള്ളി വേണം എക്സ്റേ യൂനിറ്റിലെത്താന്. തിരിച്ചു വാര്ഡിലേക്കെത്തിക്കാനും ഇതു മാത്രമാണ് വഴി.
പുതിയ കെട്ടിടത്തിലായിരുന്നു നേരത്തെ എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിച്ചിരുന്നതെങ്കിലും അറ്റകുറ്റപ്പണികള്‍ക്കെന്ന പേരില്‍ ഇങ്ങോട്ടു മാറ്റുകയായിരുന്നു. വൈകിട്ട് ആറിനു ശേഷം മാത്രമാണ് പുതിയ ബ്ലോക്കിലെ എക്സ്റേ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. രോഗികളെ പേ വാര്‍ഡിലേക്കു മാറ്റണമെങ്കിലും സ്ഥിതി ഇതുതന്നെയാണ്. രോഗികളെ തുറസായ സ്ഥലത്തുകൂടി ഇത്തരത്തില്‍ കൊണ്ടുപോകുന്നതിലെ ആരോഗ്യപ്രശ്നങ്ങളും ആരും ഗൗനിക്കാറില്ല. കാലങ്ങളായി ജില്ലയുടെ മെഡിക്കല്‍ കോളജില്‍ ഈ സ്ഥിതി തുടരുകയാണ്.
എത്ര ഗുരുതര രോഗം ബാധിച്ചെത്തുന്ന രോഗികള്‍ക്കും എക്സ്റേ ആവശ്യമായിവന്നാല്‍ കൊണ്ടുപോകാന്‍ ഇതേ വഴിയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."