മഞ്ഞപ്പിത്തം: എടപ്പറ്റയില്‍ പ്രതിരോധ നടപടികള്‍ ഊര്‍ജിതം
എടപ്പറ്റ: പഞ്ചായത്തിലെ പുന്നക്കല്‍ ചോലയില്‍ പടരുന്ന മഞ്ഞപ്പിത്തത്തിനെതിരേ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കി. പ്രദേശത്തെ 12പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് വിവിധ ആശുപത്രികളിലായി ചികിത്സ തേടിയിരിക്കുന്നത്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രത്യേക ആരോഗ്യ ബോധവല്‍ക്കരണ ക്യാംപ് നടത്തുന്നതിനും പ്രദേശവാസികളുടെ രക്തസാമ്പിളെടുത്ത് പരിശോധനക്കയക്കുന്നതിനും തീരുമാനമായി. രക്ത സാമ്പിള്‍ പരിശോധനക്കായുള്ള ക്യാംപ് ഇന്ന് രാവിലെ 10.30ന് നടക്കും.
വെള്ളം ക്ലോറിനേഷന്‍ ചെയ്യുന്നതടക്കമുള്ള നടപടികളും തുടങ്ങി. ഒരു പൊതുകിണര്‍ ഉള്‍പ്പെടെ ഒന്‍പത് കിണറുകളില്‍നിന്നും വെള്ളം ഉപയോഗിച്ചവരിലാണ് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചിരിക്കുന്നത്. 15 വയസിനു താഴെയുള്ള ആണ്‍കുട്ടികള്‍ക്കാണ് കൂടുതലും രോഗം സ്ഥിരീകരിച്ചത്.
ഭക്ഷണം, വെള്ളം എന്നിവ ഉപയോഗിക്കുമ്പോള്‍ ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. അടുത്തകാലത്ത് ഡെങ്കിപ്പനിയും പ്രദേശത്ത് വ്യാപകമായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയോടെയാണ് ഇവിടെ മഞ്ഞപ്പിത്തം പടര്‍ന്നു പിടിച്ചത്.
അതേസമയം രോഗം വ്യാപകമായിട്ടും അധികൃതര്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കാത്തതാണ് ഇത്രമേല്‍ ഗൗരവതരമാകാന്‍ കാരണമായതെന്നും വിമര്‍ശനമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."