മഴക്കെടുതി റവന്യൂ-കൃഷി വകുപ്പുകളുടെ കണക്കുകള്‍ വ്യത്യസ്തം
തൊടുപുഴ: ഇടുക്കി ജില്ലയില്‍ കാലവര്‍ഷത്തിന്റെ കലിതുള്ളലില്‍ നാശം 50 കോടി രൂപയിലധികം. സര്‍ക്കാരിന്റെ പരിഹാര നടപടികളാകട്ടെ, കേവലം ഒരു കോടിയുടേതുപോലുമില്ല. ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളും കാര്യക്ഷമമല്ല. അധികൃതരുടെ കെടുകാര്യസ്ഥതയും അലംഭാവവും ദീര്‍ഘവീക്ഷണമില്ലായ്മയുമാണ് കാലവര്‍ഷക്കെടുതികളുമായി ബന്ധപ്പെട്ട നടപടികളിലുടനീളം വ്യക്തമാകുന്നത്. കാലവര്‍ഷത്തിലുണ്ടായ നാശനഷ്ടം സംബന്ധിച്ച് റവന്യൂ-കൃഷി വകുപ്പുകളുടെ കണക്കുകള്‍ വ്യത്യസ്തമാണ്.
കാലവര്‍ഷത്തില്‍ സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ നാശമുണ്ടായ ഇടുക്കിയില്‍ ഇപ്പോഴും കനത്തു പെയ്യുന്ന മഴ നിരവധി മലയോര പ്രദേശങ്ങളില്‍ അപായഭീഷണി ഉയര്‍ത്തുകയാണ്. എങ്കിലും ദുരന്ത നിവാരണ സേനയുടെ സഹായം തേടിയിട്ടില്ലെന്നു മാത്രമല്ല, അപകട സാധ്യതാ മേഖലകളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും സജ്ജമാക്കിയിട്ടില്ല. നാശനഷ്ടങ്ങളുടെ വ്യക്തമായ കണക്കുകള്‍ സര്‍ക്കാരിന്റെ പക്കലില്ല. വിവിധയിനങ്ങളില്‍ ഒരു കോടിയില്‍ താഴെയുള്ള സഹായമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.
മഴക്കെടുതിയില്‍ ഇടുക്കി ജില്ലയില്‍ ഇതുവരെ പൊലിഞ്ഞത് എട്ട് ജീവനുകളാണ്. എന്നാല്‍ സര്‍ക്കാര്‍ കണക്കുകളില്‍ ആറ് പേര്‍ മാത്രമേയുള്ളൂ. തിമര്‍ത്തു പെയ്ത മഴയില്‍ നാനൂറോളം പേരാണ് പൂര്‍ണമായോ, ഭാഗികമായോ ഭവനരഹിതരായത്. 21 വീടുകള്‍ പൂര്‍ണമായും 389 വീടുകള്‍ ഭാഗീകമായും തകര്‍ന്നു.
നാല് കോടിയിലധികം രൂപയുടെ നാശമാണ് ഇതിലൂടെ ഉണ്ടായത്. പൂര്‍ണമായും വീട് തകര്‍ന്നവരെ പുനഃരധിവസിപ്പിക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞല്ലെന്നത് അലംഭാവത്തിന്റെയും കാര്യക്ഷമതയില്ലായ്മയുടെയും വ്യക്തമായ ഉദാഹരണമാണ്.
530 ഹെക്ടര്‍ സ്ഥലത്തെ കൃഷി മഴയില്‍ നശിച്ചുവെന്നാണ് കണക്കുകളെങ്കിലും മറയൂര്‍, കാന്തല്ലൂര്‍, വട്ടവട, മൂന്നാര്‍, രാജാക്കാട് തുടങ്ങിയ മേഖലകളില്‍ മാത്രം ഇതിലുമധികം പ്രദേശത്തെ കൃഷി നശിച്ചിട്ടുണ്ട്. മൂന്നു കോടി രൂപയുടെ കൃഷിനാശമാണ് സര്‍ക്കാര്‍ സ്ഥിരീകരിക്കുന്നത്. വിലത്തകര്‍ച്ചയും വിളക്കുറവുംകൊണ്ട് പൊറുതി മുട്ടിയ കര്‍ഷകരുടെ അധ്വാനഫലം മഴയില്‍ അലിഞ്ഞ് ഇല്ലാതായിട്ടും സര്‍ക്കാര്‍ ഇതുവരെ നല്‍കിയ സഹായം 25 ലക്ഷത്തില്‍ ഒതുങ്ങി.
16 കിലോമീറ്റര്‍ ദേശീയ പാതയാണ് മഴവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയത്. പൊതുമരാമത്ത് റോഡ് 17 മീറ്റര്‍ നശിച്ചതായേ ദുരിതക്കണക്കിലൂള്ളൂ. ഗ്രാമീണ റോഡുകളുടെ നാശം തിട്ടപ്പെടുത്തിയില്ല. റോഡ് നാശം മാത്രം 30 കോടിയിലധികം രൂപയുടേതാണ്. ചെറുപാലങ്ങള്‍, കലുങ്കുകള്‍ തുടങ്ങിയവ പലയിടത്തും തകര്‍ന്നുവെങ്കിലും ഇതൊന്നും സര്‍ക്കാര്‍ രേഖകളിലില്ല.
ദിവസങ്ങളോളം കനത്ത മഴ തുടരുമ്പോള്‍ ജില്ലയുടെ മലയോര മേഖലകളില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുണ്ടാകാന്‍ സാധ്യതയേറെയാണ്. അപായ മേഖലകളില്‍നിന്നു ജനങ്ങളെ താല്‍കാലികമായി മാറ്റി പാര്‍പ്പിക്കാനോ, രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നൊരുക്കം നടത്താനോ കഴിഞ്ഞിട്ടുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."