ഡാമുകള്‍ തുറന്നു; തോരാമഴയില്‍ വിറങ്ങലിച്ച് ഹൈറേഞ്ചും ലോറേഞ്ചും
തൊടുപുഴ: രണ്ടു ദിവസമായി നിലയ്ക്കാതെ പെയ്യുന്ന മഴയില്‍ വിറങ്ങലിച്ച് ഹൈറേഞ്ചും ലോറേഞ്ചും. സംഭരണശേഷി കവിഞ്ഞതിനേത്തുടര്‍ന്ന്കല്ലാര്‍കുട്ടി, മലങ്കര, ലോവര്‍ പെരിയാര്‍, പൊന്മുടി അണക്കെട്ടുകള്‍ തുറന്നുവിട്ടു. കല്ലാര്‍കുട്ടി, മലങ്കര ഡാമുകളുടെ അഞ്ചു ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് 41.28 അടിയില്‍ എത്തിയതോടെയാണ് മലങ്കരയുടെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ഡാമിലേയ്ക്ക് ശക്തമായ നീരൊഴുക്ക് തുടരുകയാണ്. എല്ലാ ഷട്ടറുകളും രണ്ടര മീറ്ററോളം ഉയര്‍ത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് തൊടുപുഴയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പുപലര്‍ത്തണമെന്ന് എം.വി.ഐ.പി അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. 42 മീറ്ററാണ് മലങ്കര ഡാമിന്റെ പൂര്‍ണ്ണ സംഭരണശേഷി. 41.3 മീറ്ററില്‍ ജലനിരപ്പ് എത്തിയാല്‍ കാഞ്ഞാര്‍ കോളനി പ്രദേശം വെള്ളത്തിനടിയിലാകും. ഇക്കാരണത്താല്‍ 41.2 മീറ്ററില്‍ ജലനിരപ്പ് എത്തിയതോടെ ഷട്ടറുകള്‍ ഉയര്‍ത്തി. മൂലമറ്റം പവര്‍ഹൗസില്‍നിന്നും വൈദ്യുതോല്‍പ്പാദനത്തിനുശേഷം പുറന്തള്ളുന്ന വെള്ളവും തൊടുപുഴയാറിന്റെ 153 ചതുരശ്ര കിലോമീറ്റര്‍ വൃഷ്ടി പ്രദേശത്തെ വെള്ളവുമാണ് മലങ്കരയിലെത്തുന്നത്.
ശക്തമായ നീരൊഴുക്കിനെ തുടര്‍ന്ന് ഇടുക്കി, മുല്ലപ്പെരിയാര്‍ അണക്കെട്ടുകളില്‍ ജലനിരപ്പുയരുകയാണ്. ഇടുക്കിയില്‍ ഒരുദിവസം കൊണ്ട് 1.19 അടി ജലനിരപ്പുയര്‍ന്ന് 2356.09 അടിയിലെത്തി. ഇത് സംഭരണശേഷിയുടെ 51 ശതമാനമാണ്. 1117.598 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം നിലവില്‍ ഇടുക്കി അണക്കെട്ടിലുണ്ട്. ഇന്നലെ രാവിലെ ഏഴു വരെയുള്ള 24 മണിക്കൂറില്‍ വൃഷ്ടിപ്രദേശത്ത് 43.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഒരുദിവസം കൊണ്ട് രണ്ട് അടി ഉയര്‍ന്ന് 126 അടിയായി. പ്രദേശത്ത് ശക്തമായി മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. തേക്കടിയില്‍ 33 മില്ലിമീറ്ററും ഡാം മേഖലയില്‍ 56 മില്ലിമീറ്ററും മഴ ലഭിച്ചു. അണക്കെട്ടിലേയ്ക്കുള്ള നീരൊഴുക്ക് സെക്കന്‍ഡില്‍ 1135 ഘനയടിയാണ്. 218 ഘനയടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.
ഇടുക്കി ജില്ലയില്‍ ഏറ്റവുമധികം മഴ ലഭിച്ചത് പീരുമേട് താലൂക്കിലാണ്. 84 മില്ലീമീറ്റര്‍ മഴയാണ് പീരുമേട്ടില്‍ പെയ്തത്. ദേവികുളത്ത് 62 മില്ലിമീറ്ററും തൊടുപുഴയില്‍ 40.4 മില്ലീമീറ്ററും മഴ ലഭിച്ചു. ഉടുമ്പന്‍ചോലയില്‍ 17.4 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഇന്നലെ രാത്രി വൈകിയും മഴ തുടരുന്നതിനാല്‍ മലയോരമേഖല ഭയപ്പാടിലാണ്. ഉരുള്‍പൊട്ടല്‍ സാധ്യത മേഖലകളില്‍ അധികൃതര്‍ ജാഗ്രത പുലര്‍ത്തുന്നുണ്ട്. രാത്രിയാത്ര പരമാവധി ഒഴിവാക്കണമെന്ന അഭ്യര്‍ഥനയും ജില്ലാ ഭരണകൂടം പുറപ്പെടുവിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."