ജില്ല വെള്ളത്തില്‍: കോടികളുടെ നാശനഷ്ടം
പാലക്കാട്: രണ്ട് ദിവസമായി തിമര്‍ത്ത് പെയ്യുന്ന മഴയില്‍ ജില്ലയില്‍ വന്‍നാശനഷ്ടം. അട്ടപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടലില്‍ പെണ്‍കുട്ടി മരിച്ചു. ശക്തമായ മഴയെ തുടര്‍ന്ന് അട്ടപ്പാടിയില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടിയിരുന്നു. ഇതില്‍ ജെല്ലിപ്പാറ എന്ന സ്ഥലത്തുണ്ടായ ഉരുള്‍ പൊട്ടിലാണ് ആതിര എന്ന മൂന്നാം ക്ലാസുകാരി മരിച്ചത്. ഉരുള്‍പൊട്ടലില്‍ കാണാതായ കുട്ടിയെ പിന്നീട് വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മണ്ണാര്‍ക്കാട് നെല്ലിപ്പുഴയുടെ തീരത്ത് കെട്ടിടത്തില്‍ കുടുങ്ങിയ പതിമൂന്ന് ഇതരസംസ്ഥാന തൊഴിലാളികളെ രക്ഷപെടുത്തി. അട്ടപ്പാടി മേഖലകളിലാണ് മഴ നാശം വിതച്ചത്.
അട്ടപ്പാടി പുതൂര്‍ പഞ്ചായത്തിലെ ആനക്കല്ലില്‍ ഉരുള്‍പൊട്ടി നാലുവീടുകള്‍ ഭാഗീകമായി തകര്‍ന്നു. നിരവധി കൃഷിയിടങ്ങളും ഒലിച്ചുപോയി. ജെല്ലിപ്പാറ വണ്ടന്‍പാറ എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി ശനിയാഴ്ച ഉച്ചയോടെ തുടങ്ങിയ കനത്ത മഴ ജില്ലയില്‍ പലയിടത്തും റോഡുകളും വെള്ളത്തിനടിയിലായതിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പലയിടത്തും മരം പൊട്ടിവീണ് ഗതാഗതവും വൈദ്യുതിയും തടസപ്പെട്ടിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് അട്ടപ്പാടി ചുരത്തില്‍ ഗതാഗതം മണിക്കൂറുകളോളം തടസപ്പെട്ടു.
മണ്ണാര്‍ക്കാട് പാലക്കാട് ഭാഗത്തേക്ക് പോകേണ്ട ബസുകള്‍ ഷോളയാറില്‍ നിന്ന് കോയമ്പത്തൂര്‍ വഴിയാണ് പാലക്കാട്ടേക്ക് പോയത്. മണ്ണാര്‍ക്കാട് നിന്ന് ചുരം വഴി അട്ടപ്പാടിയിലേക്കുള്ള റോഡില്‍ മണ്ണും പാറയും ഉള്‍പ്പടെയുള്ളവ റോഡിലേക്ക് വീണാണ് ഗതാഗത തടസമുണ്ടായത്. ഫയര്‍ഫോഴ്സെത്തി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും മഴ തുടരുന്നതിനാല്‍ മണ്ണും പാറയും വീണ്ടും റോഡിലേക്ക് വീണിട്ടുണ്ട്. ഇത് വഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടിട്ടുണ്ട്. സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന മുക്കാലി ടൗണ്‍ വെള്ളത്തിനടിയിലാണ്.
കരുവാര ചിണ്ടക്കി മേഖലയിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലിനെത്തുടര്ന്നാണ് മുക്കാലി വെള്ളത്തിനടിയിലായത്. ഇതോടെ ഈ പ്രദേശത്ത് വ്യാപകമായ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. അട്ടപ്പാടിയുടെ പല മേഖലയിലും വൈദ്യുതി ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ നിലച്ചിരിക്കുകയാണ്. അട്ടപ്പാടിയുടെ പലഭാഗത്തും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അടിയന്തിര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ എല്ലാ വകുപ്പുകളും സജ്ജമാണെന്നും മണ്ണാര്‍ക്കാട് തഹസില്‍ദാര്‍ അറിയിച്ചു.
ജില്ലയുടെ മറ്റ് പല സ്ഥലങ്ങളിലും ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങള്‍ വെള്ളം കയറി നശിച്ചു. ശ്രീകൃഷ്ണപുരം പുഞ്ചപ്പാടം പാടശേഖരത്തില്‍ ഒമ്പതേക്കറും പെരുവെമ്പ് പാടശേഖരത്തില്‍ പത്തേക്കറും കൊയ്യാറായ നെല്‍കൃഷി വെളളംകയറി നശിച്ചു. ചിറ്റൂര്‍, പട്ടാമ്പി മേഖലകളിലും വ്യാപകമായ കൃഷി നാശമുണ്ടായിട്ടുണ്ട്. ജില്ലയിലെ നിറയാതെ കിടന്നിരുന്ന ജില്ലയിലെ ഏഴ് അണക്കെട്ടുകളിലും ഭാരതപ്പുഴയിലും ജലനിരപ്പുയര്‍ന്നു. കലക്ട്രേറ്റിലും മണ്ണാര്‍ക്കാട് താലൂക്ക് ആസ്ഥാനത്തും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ട്രോള് റൂമുകള്‍ തുറന്നു.
വടക്കഞ്ചേരി: കനത്ത മഴയില്‍ വ്യാപക കൃഷിനാശം. ശക്തമായ മഴയെ തുടര്‍ന്ന് കൊയ്യാന്‍ പാകമായ ഏക്കര്‍ കണക്കിന് നെല്‍പ്പാടങ്ങളാണ് വീണ് നശിച്ചത്. കിഴക്കഞ്ചേരി പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിലും വടക്കഞ്ചേരി, വണ്ടാഴി, കണ്ണമ്പ്ര, പുതുക്കോട് പഞ്ചായത്ത് കളിലുമാണ് നെല്‍കൃഷി വീണ് നശിച്ചത്.
കതിരണിഞ്ഞ പാടശേഖരങ്ങളെല്ലാം തന്നെ വെള്ളത്തില്‍ മുങ്ങി കിടക്കുകയാണ്. കനത്ത മഴയെ തുടര്‍ന്നും, മംഗലംഡാമിന്റ ഷട്ടറുകള്‍ തുറന്നതിനാലും പുഴകളും തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. മംഗലം ഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു.കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മലയോര മേഖലയില്‍ പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് മംഗലംഡാമിന്റെ എല്ലാ ഷട്ടറുകളും തുറന്നു.
ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 77.88ല്‍ എത്തിയ ലപ്പാള്‍ ഷട്ടറുകള്‍ പൂര്‍ണ്ണമായും തുറന്നത്. ഡാമിന്റെ ആറ് ഷട്ടറുകളും 20 സെന്റിമീറ്റര്‍ വീതമാണ് തുറന്നിരിക്കുന്നത്.ശനിയാഴ്ച ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ 33 മില്ലിമീറ്റര്‍ മഴ പെയ്തു.
ഞായറാഴ്ച പകലും കനത്ത മഴ തുടരുന്നതിനാല്‍ ഷട്ടറുകളുടെ അളവ് കൂടുതല്‍ തുറക്കാന്‍ സാധ്യതയുണ്ട്. ഈ വര്‍ഷം ആദ്യമായാണ് ഡാമിന്റെ എല്ലാ ഷട്ടറുകളും ഇത്രയും കൂടുതല്‍ തുറക്കുന്നത്. ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞതും പെട്ടെന്ന് ഡാം തുറക്കേണ്ടി വന്നതെന്ന് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."