കനത്തമഴ ജില്ലയില്‍ ജനജീവിതത്തെ ബാധിച്ചു
കൊല്ലം: കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന കനത്ത മഴ ജില്ലയില്‍ ജനജീവതിതത്തെ ബാധിച്ചു.
കഴിഞ്ഞ രാത്രി ആരംഭിച്ച മഴ ജില്ലയില്‍ പലയിടത്തും വ്യാപക നാശനഷ്ടങ്ങളുമുണ്ടാക്കി. മലയോര,തീരമേഖലയികളിലേക്ക് പോകുന്നവര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
21 വരെ വ്യാപകമായി മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നത്. തുലാവര്‍ഷ സമാനമായ ഇടിയോടു കൂടിയ മഴയാണ് ജില്ലയില്‍ ഇപ്പോള്‍ ലഭിക്കുന്നത്.
കനത്ത മഴയെ തുടര്‍ന്ന് നഗരത്തില്‍ തങ്കശ്ശേരി ഉള്‍പ്പെടെ പല ഭാഗങ്ങളിലും മരക്കൊമ്പുകള്‍ ഒടിഞ്ഞ് വൈദ്യുതിയും ഗതാഗതവും തടസപ്പെട്ടു. നഗരത്തിലെ താഴ്ന്ന സ്ഥലങ്ങള്‍ പലതും വെള്ളത്തിലായതോടെ,ജനജീവിതവും ബുദ്ധിമുട്ടായി.
കല്ലടയാര്‍ ഉള്‍പ്പെടെ ജലാശയങ്ങളില്‍ ജനനിരപ്പ് ഉയര്‍ന്നത് തീരദേശവാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
അതേസമയം തെന്‍മല അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ഏത് നിമിഷവും ഷട്ടറുകള്‍ തുറക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കിഴക്കന്‍ മേഖലിയില്‍ പലയിടത്തും കൃഷി നാശം സംഭവിച്ചു. കൂടാതെ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കടലോരമേഖലയില്‍ കടല്‍ക്ഷോഭം ശക്മാണ്. തീരങ്ങള്‍ കടലാക്രമണ ഭീഷണിയിലാണ്.
കടല്‍ പ്രക്ഷുബ്ധമായതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കൂടാതെ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ കനത്ത വെള്ളക്കെട്ട് രൂപപ്പെട്ടു. റോഡുകളില്‍ ഗതാഗതക്കുരുക്കും രൂക്ഷമാണ്.
മഴ ശക്തമായതോടെ കൊട്ടാരക്കര ഉള്‍പ്പെടെ ജില്ലയിലെ കിഴക്കന്‍ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വീശിയടിച്ച കാറ്റില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു.
ഒരു രാത്രി കൂടി മഴ തുടര്‍ന്നാല്‍ സ്ഥിതി ഗുരുതരമാവും. കുറുമ്പാലൂര്‍,പുല്ലാമല, തേവലപ്പുറം ഭാഗങ്ങളില്‍ ഇന്നലെ ഉച്ചക്ക് രണ്ട് മണിക്ക് വീശിയടിച്ച കാറ്റില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. നിരവധി മരങ്ങള്‍ കടപുഴകി. പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലാണ്.
വയലിലെ കൃഷിടങ്ങളിലെല്ലാം വെള്ളം കയറി നിറഞ്ഞു കിടക്കുകയാണ്. മരച്ചീനി,വാഴ, പച്ചക്കറികള്‍ എല്ലാം നശിച്ച് തുടങ്ങി.ഏറെ നേരം ഗതാഗതവും തടസെപ്പെട്ടു.
പൊലിസും ഫയര്‍ഫോഴ്‌സും ചേര്‍ന്നാണ് പാറ നീക്കി ഗതാഗതം പുനസ്ഥാപിച്ചത്. പ്രവൃത്തി ദിനത്തിലാണങ്കില്‍ വലിയ ദുരന്തത്തിന് ഇടയായേനെ. മിക്ക വില്ലേജുകളിലും കൃഷിനാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കി വരുന്നതേയുള്ളൂ.
കൊട്ടാരക്കര വാളകത്തു എം.സി റോഡില്‍ വെള്ളംകയറി ഗതാഗതം ഉച്ചയ്ക്ക് കുറച്ചുനേരം ഭാഗികമായി തടസ്സപ്പെട്ടിരുന്നു. കനത്ത മഴയും കാറ്റും തേവലപ്പുറം മേഖലയില്‍ കനത്ത നാശം, 9 വീടുകള്‍ തകര്‍ന്നു.
നിരവധി മരങ്ങള്‍ കടപുഴകി വീണു. വൈദ്യുത പോസ്റ്റുകള്‍ക്ക് മുകളിലേക്ക് മരങ്ങള്‍ വീണ് പോസ്റ്റുകള്‍ ഒടിയുകയും വൈദ്യുതി കമ്പികള്‍ പൊട്ടുകയും ചെയ്തു. വൈദ്യുത ബന്ധം മിക്കയിടങ്ങളിലും തകരാറിലായിട്ടുമുണ്ട്.
മഴ ഇനിയും തുടര്‍ന്നാല്‍ സ്ഥിതി കൂടുതല്‍ അപകടാവസ്ഥയിലേക്ക് നീങ്ങും. നെടുവത്തൂര്‍ ഗ്രാമ പഞ്ചായത്തില്‍പ്പെടുന്ന തേവലപ്പുറം പുല്ലാമല, ആലിന്‍കുന്നിന്‍പുറം, കുറുമ്പാലൂര്‍ ഭാഗങ്ങളിലാണ് ഇന്നലെ ഉച്ചയോടെ വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി വീടുകള്‍ക്ക് മുകളിലേക്ക് വീണത്.
പ്രദേശത്ത് വ്യാപകമായ കൃഷിനാശം സംഭവിച്ചിട്ടുണ്ട്. വില്ലേജ് അധികൃതര്‍ ഇന്ന് സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടങ്ങളുടെ കണക്കെടുക്കും. തുടര്‍ച്ചയായി പെയ്യുന്ന ശക്തമായ മഴയിലും കാറ്റിലും ചവറയില്‍ കനത്ത നാശനഷ്ട്ടം.
താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നീണ്ടകരയില്‍ എട്ട് വീടുകള്‍ തകര്‍ന്നു. ഒരാള്‍ക്ക് പരുക്കേറ്റു.
ശക്തമായ കാറ്റില്‍ ഷീറ്റിട്ട മേല്‍ക്കൂരകള്‍ പറന്നു പോകുകയും ഭിത്തികള്‍ക്ക് വിള്ളലുണ്ടാകുകയും ചെയ്യുകയായിരുന്നു.
പരുക്കേറ്റ ശാലിനിയെ നാട്ടുകാര്‍ ചേര്‍ന്ന് നീണ്ടകര താലൂക്കാശുപത്രിയിലെത്തിച്ചു. തെക്കുംഭാഗത്തെ കായലോരങ്ങളിലും മഴക്കെടുതി രൂക്ഷമാണ്. കരുനാഗപ്പള്ളി,കുന്നത്തുര്‍,അഞ്ചാലമ്മൂട്,കുണ്ടറ,ചാത്തന്നൂര്‍,പരവൂര്‍ തുടങ്ങിയ പ്രദേശങ്ങളിലും മഴയില്‍ ജനജീവിതം ദുസഹമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."