സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; ഇടുക്കിയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു
ഇടുക്കി: കനത്ത മഴയില്‍ മുങ്ങി കേരളം. കൊച്ചി, ഇടുക്കി, പാലക്കാട്, കോഴിക്കോട് ജില്ലകളില്‍ മഴ ശക്തമായി തുടരുകയാണ്. പലയിടത്തും ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി ശാന്തമ്പാറയ്ക്കു സമീപം പൂപ്പാറയില്‍ മരം വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. പന്തടികളം രാജുവിന്റെ മകന്‍ മനു ആണ് മരിച്ചത്. രാവിലെ ഇരച്ചില്‍ പാലത്തിനു സമീപത്തുവെച്ചാണ് അപകടമുണ്ടായത്. ഒപ്പമുണ്ടായിരുന്ന മറ്റൊരാള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മനു സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു.
നിലമ്പൂര്‍ ആഢ്യന്‍പാറ ജലവൈദ്യുതി പദ്ധതി പ്രദേശത്ത് മണ്ണിടിഞ്ഞ് വൈദ്യുതോല്‍പാദനം മുടങ്ങി. ചെക്ക് ഡാമിനോട് ചേര്‍ന്ന് ടണല്‍ തുടങ്ങുന്ന പ്രദേശത്താണ് മണ്ണിടിഞ്ഞ് വീണത്. പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ താഴ്ഭാഗങ്ങളില്‍ പുഴ വലിയ തോതില്‍ കരകവിഞ്ഞ് ഒഴുകുകയാണ്.
അതേസമയം ചില ജില്ലകളില്‍ മഴയ്ക്ക് ഇന്ന് നേരിയ കുറവ് അനുഭവപ്പെട്ടിട്ടുണ്ട്. ഉച്ചയോടെ മഴ ശക്തമാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കോഴിക്കോട്, വയനാട്, പാലക്കാട്, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളിലെ തഹസില്‍ദാര്‍മാരോട് ഇന്നലെ രാത്രിയിലും താലൂക്ക് കണ്‍ട്രോള്‍ റൂമില്‍ തുടരാന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."