റെക്കോര്‍ഡ് മഴ; വരള്‍ച്ചാ ഭീഷണി ഒഴിഞ്ഞു
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളില്‍ പെയ്ത റെക്കോര്‍ഡ് മഴ യോടെ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ഇല്ലാതാക്കിയത് സംസ്ഥാനം നേരിടാനിരുന്ന കൊടും വരള്‍ച്ചാ ഭീഷണി.
വരള്‍ച്ചയെ നേരിടാന്‍ ഈ മാസം അവസാനത്തോടെ ക്ലൗഡ് സീഡിങ് വഴി കൃത്രിമ മഴ പെയ്യിക്കുന്നതിന്റെ സാധ്യതകള്‍ സര്‍ക്കാര്‍ അന്വേഷിക്കുന്നതിനിടെയാണ് മനം കുളിര്‍പ്പിക്കും വിധം മഴ തകര്‍ത്തു പെയ്തത്.
ഇന്നലെ രാവിലെ വരെയുള്ള കണക്ക് അനുസരിച്ച് ഈ സീസണില്‍ ഒന്‍പത് ശതമാനം മഴക്കുറവാണ് സംസ്ഥാനം നേരിടുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 34 ശതമാനമായിരുന്നു. ഈ മാസം അവസാനത്തോടെ മഴക്കുറവിന്റെ അളവ് വീണ്ടും കുറയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറയുന്നത്.
ഈ സീസണിലെ റെക്കോര്‍ഡ് മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഞായറാഴ്ച്ച രാവിലെ എട്ടര മുതല്‍ ഇന്നലെ രാവിലെ എട്ടര വരെയുള്ള ഇരുപത്തിനാല് മണിക്കൂറില്‍ 487.22 സെന്റീമീറ്റര്‍ മഴ സംസ്ഥാനത്താകെ പെയ്തുവെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടാണ് (23 സെ.മി). വടകര ( 18 സെ.മി), പെരിന്തല്‍മണ്ണ (16 സെ.മി), പിറവം (15 സെ.മി), പെരുമ്പാവൂര്‍ (12 സെ.മി), കോന്നി (12 സെ.മി), കൊടുങ്ങല്ലൂര്‍ (12 സെ.മി), കണ്ണൂര്‍ (11 സെ.മി), വടക്കാഞ്ചേരി ( 11 സെ.മി), ചാലക്കുടി (11 സെ.മി) , കോഴിക്കോട് (10 സെ.മി),കായംകുളം, മാവേലിക്കര, ആര്യങ്കാവ്, വൈക്കം, കരിപ്പൂര്‍ എയര്‍പ്പോര്‍ട്ട്, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി, തൃത്താല (എല്ലായിടത്തും 9 സെ.മി)ഹരിപ്പാട്, സിയാല്‍ കൊച്ചി, പീരുമേട്, തളിപ്പറമ്പ്, തലശ്ശേരി, കോഴ (കോട്ടയം ജില്ല),പൊന്നാനി (എല്ലായിടത്തും 8 സെ.മി),മങ്കൊമ്പ്, ചെങ്ങന്നൂര്‍, ഇരിക്കൂര്‍, പുനലൂര്‍, കോട്ടയം, മാനന്താവാടി (എല്ലായിടത്തും 7 സെ.മി) എന്നിവിടങ്ങളില്‍ ശക്തമായ മഴ രേഖപ്പെടുത്തി.
വരുന്ന രണ്ടു മൂന്നു ദിവസങ്ങളില്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മാത്രമേ മഴയുണ്ടാവുകയുള്ളൂവെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഈ മാസം അവസാനത്തോടെ വീണ്ടും ശക്തി പ്രാപിച്ചേക്കും.
ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കാലഘട്ടം. ഈ വര്‍ഷം ജൂണ്‍ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് ശരാശരി 174.68 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. ശരാശരി 192.53 സെന്റിമീറ്റര്‍ മഴയാണ് ലഭിക്കേണ്ടത്. ഒന്‍പത് ശതമാനത്തിന്റെ കുറവ്.
കൊല്ലം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ലഭിക്കേണ്ടതിലധികം അളവില്‍ മഴ പെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കോട്ടയം, പാലക്കാട്, എറണാകുളം ജില്ലകളില്‍ ലഭിക്കേണ്ട അളവിനടുത്തെത്തി. വയനാട് ജില്ലയിലാണ് ഏറ്റവും കുറവ്. അവിടെ 253.98 സെന്റിമീറ്റര്‍ വേണ്ടിടത്ത് 151.64 സെന്റിമീറ്റര്‍ മാത്രമേ പെയ്തിട്ടുള്ളൂ. അഞ്ചു ദിവസം മുന്‍പ് സംസ്ഥാനത്തിന്റെ മഴക്കുറവ് 23 ശതമാനമായിരുന്നു. പിന്നീടുണ്ടായ തകര്‍പ്പന്‍ മഴയിലാണ് മഴക്കുറവിന്റെ അളവ് ഗണ്യമായി താഴ്ന്ന് ഒന്‍പത് ശതമാനത്തിലെത്തിയത്.
കഴിഞ്ഞ വര്‍ഷത്തെ സാഹചര്യവുമായി താരതമ്യം ചെയ്യുമ്പോള്‍ അത്ഭുതകരമായ മാറ്റമാണ് കഴിഞ്ഞ ദിവസങ്ങളിലെ മഴയോടെ ഈ വര്‍ഷത്തെ മഴയുടെ അളവില്‍ ഉണ്ടായതെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. കാലവര്‍ഷത്തിന്റെ ഭാഗമായി അറബിക്കടലിന്റെ പടിഞ്ഞാറന്‍ തീരത്ത് രൂപംകൊണ്ട ന്യൂന മര്‍ദ പാത്തിയും, ഒഡിഷ, ആന്ധ്ര തീരങ്ങളില്‍ രൂപം കൊണ്ട അന്തരീക്ഷച്ചുഴിയും പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിച്ചതുമാണ് കഴിഞ്ഞ ദിവസങ്ങളിലെ കനത്ത മഴക്കു കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."