കലോത്സവം: ഗ്രേസ്മാര്‍ക്ക് പരിഷ്‌കരണം ഇത്തവണയില്ല
തിരുവനന്തപുരം: ഗ്രേസ് മാര്‍ക്ക് പരിഷ്‌കരണം ഇത്തവണ വേണ്ടെന്ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം.
അധ്യയനവര്‍ഷം ആരംഭിച്ചശേഷം ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി അഴിച്ചുപണിയുന്നത് നിയമപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അടുത്തവര്‍ഷം മുതല്‍ നടപ്പാക്കിയാല്‍ മതിയെന്ന തീരുമാനത്തിലെത്തിയത്. സ്‌കൂള്‍ കലോത്സവത്തിന്റെ നിയമാവലി പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായി ഗ്രേസ് മാര്‍ക്ക് ഒഴിവാക്കാന്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് എസ്.സി.ഇ.ആര്‍.ടി ശുപാര്‍ശ നല്‍കിയിരുന്നു. ഗ്രേസ് മാര്‍ക്ക് എസ്.എസ്. എല്‍.എസി മാര്‍ക്കിനൊപ്പം കൂട്ടാതെ എസ്.എസ്.എല്‍.സി ബുക്കില്‍ എഴുതിയാല്‍ മതിയെന്നാണ് ശുപാര്‍ശയിലുള്ളത്. ഉപരിപഠനത്തിന് അപേക്ഷിക്കുമ്പോള്‍ വെയിറ്റേജ് മാര്‍ക്കായി ഇത് പരിഗണിക്കാമെന്നും ശുപാര്‍ശയിലുണ്ട്. സ്‌കൂള്‍ കലോത്സവത്തിന്റെയും കായികമേളയുടെയും മാന്വല്‍ പരിഷ്‌കരണത്തിന്റെ കരടിന് ഇന്നുചേരുന്ന പൊതുവിദ്യാഭ്യാസവകുപ്പിന്റെ ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ക്യു.ഐ.പി) യോഗം അംഗീകാരം നല്‍കും.
പരിഷ്‌കരിച്ച മാന്വല്‍ പ്രകാരമായിരിക്കും ഇത്തവണ കലോത്സവം നടക്കുക. പരമ്പരാഗത നൃത്ത ഇനങ്ങളും കലോത്സവ ഇനമാക്കും. മാത്രമല്ല, ഗോത്രകലകള്‍ക്കും പ്രാധാന്യം നല്‍കും. വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. നൃത്ത ഇനങ്ങളിലെ ആഡംബരം ഒഴിവാക്കും. കര്‍ശന നിരീക്ഷണത്തിലായിരിക്കും കലോത്സവം നടത്തുക.
കായിക അസോസിയേഷനുകളുടെ ഇടപെടലിന്റെ അടിസ്ഥാനത്തില്‍ ഓരോ വര്‍ഷവും പുതിയ ഇനം ഉള്‍പ്പെടുത്തുന്ന രീതി അവസാനിപ്പിക്കാനും കുട്ടികളുടെ കായികശേഷിയും കഴിവും ഭാവിയിലേക്കുകൂടി ഉപയോഗപ്പെടുത്തുന്ന നിര്‍ദേശങ്ങളും മാന്വലിലുണ്ട്. മത്സരനടത്തിപ്പിലും കാലാനുസൃത മാറ്റങ്ങളുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."