കുതിപ്പ് തേടി ന്യൂസിലന്‍ഡ്
പൂര്‍വികര്‍ 'നീണ്ട വെള്ള മേഘങ്ങളുടെ നാട് ' എന്ന് വിളിച്ചിരുന്ന ദ്വീപ സമൂഹമായ ന്യൂസിലന്‍ഡ് എട്ടാം തവണയാണ് കൗമാര ലോകകപ്പ് ഫുട്‌ബോളില്‍ പന്തുതട്ടാന്‍ എത്തുന്നത്. 1997ല്‍ ആയിരുന്നു ന്യൂസിലന്‍ഡിന്റെ അണ്ടര്‍ 17 ലോകകപ്പിലേക്കുള്ള പ്രവേശനം. 1999ലും യോഗ്യത നേടി. എന്നാല്‍, ഏഴ് വര്‍ഷം കാത്തിരിക്കേണ്ടി വന്നു കൗമാര ലോകകപ്പില്‍ വീണ്ടും പന്തുതട്ടാന്‍. 2007ല്‍ പുനഃപ്രവേശം നേടിയ ന്യൂസിലന്‍ഡ് തുടര്‍ന്നുള്ള എല്ലാ ലേകകപ്പിലും കളത്തിലിറങ്ങി. ഇതുവരെ ന്യൂസിലാന്‍ഡിന് പ്രാഥമിക റൗണ്ടിനപ്പുറം കടക്കാനായിട്ടില്ല. മാലി, പരാഗ്വെ, തുര്‍ക്കി ഉള്‍പ്പെടുന്ന ബി ഗ്രൂപ്പിലാണ് ന്യൂസിലന്‍ഡ്.
കൈമുതലായി പോരാട്ടവീര്യം
യങ് ഓള്‍ വൈറ്റ്‌സ് എന്ന വിളിപ്പേരുള്ള ന്യൂസിലന്‍ഡിന്റെ കൈമുതല്‍ പോരാട്ടവീര്യമാണ്. എതിര്‍ വല കുലുക്കാനുള്ള കഴിവ് ആവോളമുള്ള ടീം ഏറെ പ്രതീക്ഷയോടെയാണ് ഇന്ത്യയിലേക്ക് എത്തുന്നത്. ഓഷ്യാനിയ കപ്പില്‍ 27 ഗോളുകളാണ് ന്യൂസിലന്‍ഡ് അടിച്ചുകൂട്ടിയത്. വലിയ ടീമുകളെ നേരിടുമ്പോള്‍ പരിചയ സമ്പന്നതയുടെ കുറവ് അലട്ടുന്നുണ്ട്. ആക്രമണ നിരയിലെ ചാള്‍സ് സ്പ്രാഗ് ആണ് ന്യൂസിലാന്‍ഡിന്റെ ശ്രദ്ധേയ താരം. ഓഷ്യാനിയ കപ്പില്‍ ഏഴ് ഗേളുകളാണ് ചാള്‍സ് സ്പ്രാഗ് വലയിലാക്കിയത്.
ആദ്യ ദൗത്യവുമായി ഡാനി ഹേ
ഡാനി ഹേ ആണ് മുഖ്യ പരിശീലകന്‍. 2015ല്‍ ആണ് ഡാനി പരിശീലക ചുമതല ഏറ്റെടുക്കുന്നത്. ന്യൂസിലന്‍ഡ് ടീമിലെ ഓരോ അംഗത്തെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാടുള്ള ഡാനി ഇത്തവണ ആദ്യ റൗണ്ടിന് അപ്പുറം ടീമിനെ എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ്.
ആത്മവിശ്വാസത്തോടെ 'ലാറ്റിനമേരിക്കയുടെ ഹൃദയം'
കൗമാരത്തിന്റെ വിശ്വ പേരാട്ടത്തിന് പരാഗ്വെ യോഗ്യത നേടുന്നത് ഇത് നാലാം തവണയാണ്. ലോക ഫുട്‌ബോളിലെ വമ്പന്‍മാരായ അര്‍ജന്റീനയെ അട്ടിമറിച്ചും ബ്രസീലിനോട് തോല്‍ക്കാതെയുമാണ് പരാഗ്വെ എന്ന ലാറ്റിനമേരിക്കയുടെ ഹൃദയം ഇന്ത്യയിലേക്ക് യോഗ്യത നേടിയത്. 1999ലെ ആദ്യ ലോകകപ്പ് പോരില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ എത്തി. 2001 ല്‍ പോരാട്ടം പ്രാഥമിക റൗണ്ടില്‍ അവസാനിച്ചു. 2015 ലാണ് ഒടുവില്‍ ലോകകപ്പില്‍ പന്തുതട്ടിയത്. പ്രാഥമിക റൗണ്ടിനപ്പുറം കടന്നില്ല.
ഗോളടിയില്‍ പ്രതീക്ഷ
ഗോളടിക്കാനുള്ള കഴിവ് തന്നെയാണ് ലാ അല്‍ബിറോയ (വൈറ്റ് ആന്‍ഡ് റെഡ്) വിളിപ്പേരുള്ള പരാഗ്വെയെ വ്യത്യസ്തരാക്കുന്നത്. ലാറ്റിനമേരിക്കന്‍ ചാംപ്യന്‍ഷിപ്പില്‍ കൗമാര ടീം അടിച്ചത് 16 ഗോളാണ്. അര്‍ജന്റീനയെ വീഴ്ത്തിയും ബ്രസീലിന് മുന്നില്‍ കീഴടങ്ങാതെയും നടത്തിയ കുതിപ്പ് തന്നെയാണ് പരാഗ്വെയുടെ ആത്മവിശ്വാസവും. ആദ്യം തന്നെ ഗോളടിച്ച് എതിരാളികളെ വിറപ്പിക്കുന്ന പരാഗ്വെ പിന്നാലെ ഗോള്‍ വഴങ്ങുന്ന ശീലക്കരാണ്. മുന്നേറ്റ നിരയില്‍ തന്നെയാണ് പ്രതീക്ഷ. ഫെര്‍നാണ്ടോ റൊമേറോ, ലിയനാര്‍ഡോ സാഞ്ചസ് എന്നിവരാണ് ഗോളടി യന്ത്രങ്ങള്‍.
തന്ത്രമോതി ഗുസ്താവൊ മൊറീനിഗോ
അണ്ടര്‍ 20 ലോകകപ്പില്‍ പരാഗ്വെക്കായി ബൂട്ടണിഞ്ഞ മിഡ്ഫീല്‍ഡ് താരം ഗുസ്താവൊ മൊറീനിഗോ ആണ് മുഖ്യ പരിശീലകന്‍. പരാഗ്വെ അണ്ടര്‍ 20 ടീമിന്റെ പരിശീലകനായിരുന്നു. ഗോളടി മികവില്‍ പരാഗ്വെയെ ക്വാര്‍ട്ടറിന് അപ്പുറം എത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഗുസ്താവൊ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."