മിടുക്കരെ കണ്ടെത്താന്‍ ഗോപീചന്ദ് എത്തി; ഓപറേഷന്‍ ഒളിംപ്യ ബാഡ്മിന്റണ്‍ ട്രയല്‍സിന് തുടക്കം
കൊച്ചി: ദ്രോണാചാര്യന്‍ പുല്ലേല ഗോപീചന്ദിന്റെ നേതൃത്വത്തില്‍ ഓപറേഷന്‍ ഒളിംപ്യ പദ്ധതിയിലേക്ക് ബാഡ്മിന്റണ്‍ പരിശീലനത്തിനുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ് തുടങ്ങി. കടവന്ത്ര രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് സെലക്ഷന്‍ ട്രയല്‍സ് നടന്നത്. 14നും 18നും വയസിനും ഇടയിലുള്ള ഇരുനൂറിലേറെ താരങ്ങള്‍ ട്രയല്‍സില്‍ പങ്കെടുത്തു. ഇടുക്കി ജില്ലകളില്‍ നിന്ന് ഉള്‍പ്പെടെ ചില താരങ്ങള്‍ക്ക് ട്രയല്‍സില്‍ പങ്കെടുക്കാനായില്ല. ഇവര്‍ക്കായി വീണ്ടും ട്രയല്‍സ് നടത്തും. 25 മുതല്‍ 30 വരെ താരങ്ങളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കുന്നത്. 2018 ജനുവരി 10 മുതല്‍ കടവന്ത്ര റീജ്യനല്‍ സ്‌പോര്‍ട്‌സ് സെന്ററിലാണ് റെസിഡന്‍ഷ്യല്‍ പരിശീലന ക്യാംപ് തുടങ്ങുന്നത്.
ഡിസംബറില്‍ പരിശീലന ക്യാംപ് നടത്തിയ ശേഷം ഓപറേഷന്‍ ഒളിംപ്യയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട താരങ്ങളുടെ അന്തിമ പട്ടിക പ്രഖ്യാപിക്കുമെന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ പറഞ്ഞു. ഓപറേഷന്‍ ഒളിംപ്യയിലെ താരങ്ങള്‍ക്ക് ഗോപീചന്ദ് അക്കാദമിയുടെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്. പരിശീലനത്തിന് പുല്ലേല ഗോപീചന്ദ് മേല്‍നോട്ടം വഹിക്കും. മാസത്തില്‍ ഒരു ദിവസം ഗോപീചന്ദ് പരിശീലന ക്യാംപ് സന്ദര്‍ശിച്ച് പ്രകടനം വിലയിരുത്തും. ഇതിന് പുറമേ കേരളത്തിന് പുറത്ത് നിന്നുള്ള മികച്ച പരിശീലകരുടെ സേവനവും ഉറപ്പാക്കും. പരിശീലകര്‍ക്കുള്ള ട്രെയിനിങും ഗോപീചന്ദ് തന്നെ നല്‍കും. ഹൈദരാബാദിലെ ഗോപീചന്ദ് അക്കാദമിയിലെ താരങ്ങളുമായുള്ള പരിശീലന മത്സരങ്ങളും ഓപറേഷന്‍ ഒളിംപ്യ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കും.
കേരളത്തിന്റെ ഓപറേഷന്‍ ഒളിംപ്യ പദ്ധതിയുമായി സഹകരിക്കാന്‍ കഴിഞ്ഞതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് ഗോപീചന്ദ് പറഞ്ഞു. ബാഡ്മിന്റണില്‍ മികവുള്ള നിരവധി താരങ്ങള്‍ കേരളത്തിലുണ്ട്. പദ്ധതിയിലൂടെ മികച്ച താരങ്ങളെ സൃഷ്ടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രിയുമായി ഗോപീചന്ദ് കൂടിക്കാഴ്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."