ഉറക്കത്തിനിടെ യുവതിയുടെ മാല കവര്‍ന്നു
ഫറോക്ക്: ഉറക്കത്തിനിടെ യുവതിയുടെ മാല കവര്‍ന്നു. കടലുണ്ടി മണ്ണൂര്‍ കോഴിക്കളം പുതുവയല്‍ ലിനീഷിന്റെ ഭാര്യ അഞ്ജുവിന്റെ കഴുത്തില്‍ നിന്നാണ് മൂന്നര പവന്‍ മാല ജനല്‍ തുറന്ന് പൊട്ടിച്ചെടുത്തത്. ജനല്‍ അരികില്‍ വച്ചിരുന്ന രണ്ടു മൊബൈല്‍ ഫോണും മോഷണം പോയിട്ടുണ്ട്. ഞായറാഴ്ച അര്‍ധരാത്രിയാണ് സംഭവം. മോഷ്ടിച്ച മൊബൈലുകളില്‍ ഒന്ന് വീട്ടുവളപ്പിലെ കിണറ്റില്‍ നിന്നും കണ്ടെടുത്തു.
മാല പൊട്ടിച്ചെടുക്കുന്നതിനിടയില്‍ ഉറക്കമുണര്‍ന്ന് ലിനീഷും ഭാര്യയും വീടിനു പുറത്തിറങ്ങി നോക്കിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടിരുന്നു. ജനല്‍ കുറ്റിയിടാതെ ചാരിവച്ചിരിക്കുകയായിരുന്നു. രാത്രി തന്നെ പൊലിസ് സ്ഥലത്തെത്തി. ഫറോക്ക് എസ്.ഐയുടെ നേതൃത്വത്തില്‍ വിശദപരിശോധന നടത്തി. കോഴിക്കോട്ടുനിന്നു വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. സംഭവ സ്ഥലത്തു നിന്നു മോഷ്ടാവിന്റേതെന്നു കരുതുന്ന ഇലക്‌ട്രോണിക് ഉപകരണം കണ്ടെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."