ചികിത്സാപിഴവ് മൂലം നവജാതശിശു മരിച്ചതായി പരാതി
ചെങ്ങന്നൂര്‍(ആലപ്പുഴ): കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സാപിഴവ് മൂലം നവജാത ശിശു മരിച്ചതായി പരാതി. നങ്ങ്യാര്‍കുളങ്ങര സ്വദേശിനിയായ യുവതിയുടെ കുഞ്ഞാണ് മരിച്ചത് ചികിത്സാപിഴവ് കാരണമാണെന്നാരോപിച്ചാണ് ബന്ധുക്കള്‍ രംഗത്തെത്തിയത്.
ഇതേ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. നങ്ങ്യാര്‍കുളങ്ങര അകംകുടിയില്‍ ദീപം ഭവനില്‍ സിബിന് ശിവദാസിന്റെ ഭാര്യ രഞ്ജുവിന്റെ കുഞ്ഞാണ് മരിച്ചത്.
കഴിഞ്ഞ ഏഴാം തീയതിയാണ് രഞ്ജുവിനെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രസവത്തിനായി പ്രവേശിപ്പിച്ചത്. 12 ാം തീയതി ശസ്ത്രക്രിയക്കായി ലേബര്‍ റൂമിലേക്ക് മാറ്റിയ രഞ്ജുവിനെ അനസ്ത്യേഷ്യ നല്‍കാതെ ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു. ശസ്ത്രക്രിയക്ക് ശേഷം കുട്ടിയുടെ ഒരു അവയവവും പ്രവര്‍ത്തിക്കുന്നില്ലെന്നും പിന്നീട് കുട്ടി മരിച്ചുവെന്നും ഡ്യൂട്ടി ഡോക്ടര്‍ അറിയിക്കുകയായിരുന്നുവത്രെ.
അവശനിലയിലായിരുന്ന രഞ്ജുവിന്റെ നില മെച്ചപ്പെട്ടപ്പോഴാണ് ലേബര്‍ റൂമില്‍ അനസ്ത്യേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തിയതടക്കമുള്ള വിവരങ്ങള്‍ ബന്ധുക്കളോട് പറഞ്ഞത്. കുഞ്ഞിനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ഫലമുണ്ടായില്ല. ചികിത്സാപ്പിഴവാണെന്ന ആരോപണത്തെ തുടര്‍ന്ന് കുഞ്ഞിന്റെ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. ഇതുസംബന്ധിച്ച് ഭര്‍ത്താവും ബന്ധുക്കളും വെണ്മണി പോലീസിലും ആശുപത്രി അധികൃതര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."