ഫിഫ ഫുട്‌ബോള്‍ വേള്‍ഡ് കപ്പ് പ്രചാരണ പരിപാടിക്ക് ജില്ലാതല കമ്മിറ്റി
തൊടുപുഴ: ഫിഫ അണ്ടര്‍ 17 ഫുട്‌ബോള്‍ വേള്‍ഡ് കപ്പിന് ജില്ലയില്‍ പ്രചാരണം നല്‍കുന്നതിനായി 'വണ്‍മില്ല്യണ്‍ ഗോള്‍,' 'ബോള്‍ റണ്‍' എന്നീ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ തല കമ്മിറ്റി രൂപവത്ക്കരിച്ചു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ എ.ഡി.എം പി.ജി.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യ പൗലോസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ.എല്‍.ജോസഫ് പ്രചാരണ പരിപാടികള്‍ വിശദീകരിച്ചു. പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍ സുരേഷ്.എം.എസ്, നെഹ്‌റു യുവകേന്ദ്ര ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഹരിലാല്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എല്‍.മായാദേവി, ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ സതീവന്‍ ബാലന്‍, ജില്ലാ വോളന്റിയര്‍ ഷിജി തോമസ്, സലീംകുട്ടി, ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ നിശാന്ത്.വി.ചന്ദ്രന്‍ യുവജനക്ഷേമ ബോര്‍ഡ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ വി.എസ്.ബിന്ദു പ്രസംഗിച്ചു.
ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, വിവിധ വകുപ്പു മേധാവികള്‍, സ്‌പോര്‍ട്‌സ് സംഘടനാ ഭാരവാഹികള്‍, യൂത്ത് കോ-ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ലോകകപ്പിന് മുന്നോടിയായി നടത്തുന്ന 'വണ്‍ മില്ല്യണ്‍ ഗോള്‍' പ്രചാരണ പരിപാടിയില്‍ എല്ലാ പഞ്ചായത്തുകളിലും സ്‌കൂള്‍കോളേജുകള്‍, മറ്റ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ച് പഞ്ചായത്ത് തലത്തില്‍ രണ്ടു സെന്ററില്‍ കുറയാതെ 2000 ഗോള്‍ അടിക്കുന്നതിനും മുനിസിപ്പാലിറ്റി തലത്തില്‍ അഞ്ചു സെന്ററില്‍ കുറയാതെ 10,000 ഗോള്‍ അടിക്കുന്നതിനും യോഗം തീരുമാനിച്ചു.
27 ന് ഉച്ചകഴിഞ്ഞ് 3 മണിമുതല്‍ 7 മണി വരെ സംസ്ഥാന വ്യാപകമായി നടക്കുന്ന 'വണ്‍ മില്ല്യണ്‍ ഗോള്‍' പ്രചാരണ പരിപാടിയില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി, ജോയ്‌സ് ജോര്‍ജ്ജ് എം.പി, ജില്ലാ കലക്ടര്‍ ജി.ആര്‍.ഗോകുല്‍ എം.എല്‍.എ.മാരായ പി.ജെ.ജോസഫ്, എസ്.രാജേന്ദ്രന്‍, ഇ.എസ്.ബിജിമോള്‍, റോഷി അഗസ്റ്റിന്‍, ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടര്‍, വിദ്യാഭ്യാസ ഓഫീസര്‍മാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, ലയന്‍സ് ക്ലബ്ബ്, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍, എന്‍.എസ്.എസ്,എസ്.പി.സി, സി.ഡി.എസ് ഭാരവാഹികള്‍, വിവിധ സ്‌കൂള്‍, കോളജ് പ്രിന്‍സിപ്പല്‍മാര്‍, വ്യാപാരി വ്യവസായി ഏകോപന സമിതി തുടങ്ങിയവര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഗോള്‍ വല നിറയ്ക്കുന്നതിന്റെ ഭാഗമായി ഗോളുകള്‍ അടിക്കും.
വിപുലമായി പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി പഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് പഞ്ചായത്ത് ഡെപ്യുട്ടി ഡയറക്ടറെയും സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നതിന് വിദ്യാഭ്യാസ ഡെപ്യുട്ടി ഡയറക്ടറെയും, മറ്റു വകുപ്പുകള്‍ക്ക് ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കുന്നതിനായി അതത് വകുപ്പ് മേധാവികളെയും യോഗം ചുമതലപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."