ഇനി അവരും ഉല്ലസിക്കും മാനാഞ്ചിറയുടെ പച്ചപ്പകിട്ടില്‍
കോഴിക്കോട്: മാനാഞ്ചിറ അന്‍സാരി പാര്‍ക്കില്‍ ഇന്നലെ ആഘോഷപ്പൂരമായിരുന്നു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രനൊപ്പം വര്‍ണ ബലൂണുകള്‍ വാനിലേക്കു പറത്തിയപ്പോള്‍ അഭിജിത്തും ബാബുവും റഈസും രാഹുല്‍ കൃഷ്ണയും കരഘോഷം മുഴക്കി. ഒപ്പം കൂടെയുള്ളവരും. മാനാഞ്ചിറ അന്‍സാരി പാര്‍ക്ക് മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കായി ഇന്നലെ കോര്‍പറേഷന്‍ തുറന്നു കൊടുത്തു. ഇവരുടെ രക്ഷിതാക്കളുടെ സംഘടനയായ പരിവാറിന്റെ ആവശ്യം പരിഗണിച്ചാണ് കഴിഞ്ഞ ജൂലൈയിലെ കൗണ്‍സില്‍ യോഗത്തില്‍ പാര്‍ക്ക് തുറന്നു കൊടുക്കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചത്.
രാവിലെ 10 മുതല്‍ നാലു വരെ രക്ഷിതാക്കളോടൊപ്പമോ, അധ്യാപകര്‍ക്കൊപ്പമോ ഇവര്‍ക്കു പാര്‍ക്ക് ഉപയോഗപ്പെടുത്താം. നാലിനുശേഷം പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാം. പാര്‍ക്കിന്റെ നടത്തിപ്പ് ചുമതല പരിവാറിനാണ് കോര്‍പറേഷന്‍ നല്‍കിയിരിക്കുന്നത്.
പാര്‍ക്കിലെത്തുന്ന രക്ഷിതാക്കളുടെയും കുട്ടികളുടെയും വിവരങ്ങള്‍ വിശദമായി രജിസ്റ്ററില്‍ രേഖപ്പെടുത്തും. ചടങ്ങില്‍ ഡപ്യൂട്ടി മേയര്‍ മീരാ ദര്‍ശക് മുഖ്യാതിഥിയായിരുന്നു. പരിവാര്‍ പ്രസിഡന്റ് പ്രൊഫ. കെ. കോയട്ടി അധ്യക്ഷനായി. കോര്‍പറേഷന്‍ നഗരാസൂത്രണ സ്ഥിരംസമിതി ചെയര്‍മാന്‍ എം.സി അനില്‍കുമാര്‍, കൗണ്‍സിലര്‍ സി.പി ശ്രീകല, പി. സിക്കന്തര്‍, തെക്കയില്‍ രാജന്‍, എം.പി ഉണ്ണി, കെ.സി ഫസലുറഹ്മാന്‍, സി.എ സലീം, ഒ. രാജീവ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."