നേട്ടമില്ലാതെ കെണിയിലായി നേതാക്കളും വ്യവസായികളും
തിരുവനന്തപുരം: കള്ളപ്പണം പിടിക്കാനെന്ന പേരില്‍ രാജ്യത്തെ കടലാസ് കമ്പനികള്‍ക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നടപടിയുടെ പിടി കേരളത്തിലും വീണപ്പോള്‍ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും വ്യവസായികളും അയോഗ്യരാക്കപ്പെട്ടത് സാമ്പത്തിക നേട്ടമൊന്നുമില്ലാത്ത പദവികളുടെ പേരില്‍.
കോണ്‍ഗ്രസ് മുഖപത്രം വീക്ഷണത്തിന്റെ അംഗീകാരം റദ്ദാക്കപ്പെട്ടപ്പോള്‍ അതിന്റെ ഡയരക്ടര്‍മാരായ പാര്‍ട്ടി നേതാക്കള്‍ രമേശ് ചെന്നിത്തല, വി.എം സുധീരന്‍, പി.പി തങ്കച്ചന്‍, ബെന്നി ബഹനാന്‍, പി.ടി തോമസ് എന്നിവര്‍ അയോഗ്യരായി. നോര്‍ക്ക റൂട്ട്‌സിനെ പിടികൂടിയപ്പോള്‍ അയോഗ്യരായവരില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും എം.എ യൂസഫലി, രവി പിള്ള, ആസാദ് മൂപ്പന്‍ എന്നീ വ്യവസായ പ്രമുഖരും.
അയോഗ്യരാക്കിയ ഡയരക്ടര്‍മാര്‍ക്ക് വീണ്ടും അതേ കമ്പനിയുടെ ഡയരക്ടറാവാനും അഞ്ചു വര്‍ഷത്തേക്ക് മറ്റു കമ്പനികളുടെ ഡയരക്ടര്‍മാരാവാനും കഴിയില്ല.
സാമ്പത്തിക ലാഭമൊന്നുമില്ലാത്ത പദവികളാണ് ഇവര്‍ക്കെല്ലാം പുലിവാലായത്. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് നേതാക്കള്‍ വീക്ഷണം ഡയരക്ടര്‍മാരായത്. അത് ലാഭകരമായ ഒരു ബിസിനസല്ല.
ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി എന്ന നിലയിലാണ് നോര്‍ക്ക അദ്ധ്യക്ഷനായത്.
വ്യവസായികള്‍ ഈ പദവികളില്‍ വന്നതും സാമ്പത്തിക ലാഭം പ്രതീക്ഷിച്ചല്ല. കമ്പനികളില്‍ ഡയരക്ടര്‍മാരാവാനുള്ള അയോഗ്യത കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കാര്യമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ലെങ്കിലും വ്യവസായികള്‍ക്ക് അതു വിനയാവാനിടയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."