ധോണിയെ പത്മഭൂഷന്‍ പുരസ്‌കാരത്തിന് ശിപാര്‍ശ ചെയ്തു
ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. രാജ്യത്തെ മൂന്നാമത്തെ പരമോന്നത സിവിലിയന്‍ പുരസ്‌കാരമാണ് പത്മഭൂഷന്‍.
പത്മ പുരസ്‌കാരങ്ങള്‍ക്കായി ബി.സി.സി.ഐ. ഇക്കുറി ധോണിയുടെ പേര് മാത്രമേ ശിപാര്‍ശ ചെയ്തിട്ടുള്ളൂ. തീരുമാനം ഐക്യകണ്‌ഠേനയായിരുന്നുവെന്ന് ബി.സി.സി.ഐ. ഭാരവാഹികളില്‍ ഒരാള്‍ പറഞ്ഞു.
ഇന്ത്യയുടെ ഏറ്റവും മികച്ച ക്രിക്കറ്റ് ക്യാപ്റ്റനായാണ് രണ്ട് ലോകകപ്പ് കിരീടങ്ങള്‍ നേടിക്കൊടുത്ത ധോണിയെ പരിഗണിക്കുന്നത്. 2011ലെ ഏകദിന ലോകകപ്പിലും 2007ലെ ടിട്വന്റി ലോകകപ്പിലുമാണ് ഇന്ത്യ കിരീടം നേടിയത്.
നേരത്തെ രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ രാജീവ്ഗാന്ധി ഖേല്‍ രത്‌ന ലഭിച്ചിട്ടുണ്ട്. പത്മശ്രീ നല്‍കിയും രാജ്യം ധോണിയെ ആദരിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കായി 90 ടെസ്റ്റും 303 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് മുപ്പത്തിയാറുകാരനായ ധോണി. ടെസ്റ്റില്‍ ആറ് സെഞ്ചുറി അടക്കം 4876 റണ്‍സും ഏകദിനത്തില്‍ 10 സെഞ്ചുറി അടക്കം 9737 റണ്‍സും നേടി.
സച്ചിന്‍ തെണ്ടുല്‍ക്കര്‍, കപില്‍ദേവ്, സുനില്‍ ഗവസ്‌ക്കര്‍, രാഹുല്‍ ദ്രാവിഡ്, ചന്തു ബോര്‍ഡെ, ദേവ്ധര്‍, സി.കെ.നായിഡു, ലാല അമര്‍നാഥ്, രാജ ബലിന്ദ്ര സിങ്, വിജയ് ആനന്ദ് എന്നിവരാണ് പത്മഭൂഷണ്‍ ലഭിച്ച മറ്റ് ക്രിക്കറ്റ് താരങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."