ബിഹാറില്‍ ഉദ്ഘാടനത്തിന് 24 മണിക്കൂര്‍ മുന്‍പ് കനാല്‍ ഭിത്തി തകര്‍ന്നു
പട്‌ന: ഉദ്ഘാടനത്തിന് തലേദിവസം ബിഹാറില്‍ കനാല്‍ ഭിത്തി തകര്‍ന്നു. തുടര്‍ച്ചയായ മഴയാണ് ഭിത്തി തകരാന്‍ ഇടയാക്കിയതെങ്കിലും ഇതില്‍ നഷ്ടമായത് നിര്‍മാണത്തിനായി ചെലവഴിച്ച 389.31 കോടി രൂപയാണ്. ബിഹാര്‍, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളില്‍ ജലസേചനത്തിനായുള്ള ഭാഗല്‍പൂര്‍- ഘടേശ്വര്‍ -പന്ത് കനാല്‍ പദ്ധതിയാണ് ഇന്നലെ ഉദ്ഘാടനം ചെയ്യാനിരിക്കെ 24 മണിക്കൂര്‍ മുമ്പ് തകര്‍ന്നത്.
ഗംഗാനദിയില്‍ നിന്നുള്ള വെള്ളമാണ് കനാല്‍ വഴി രണ്ട് സംസ്ഥാനങ്ങളിലേക്കും എത്തിക്കാന്‍ വിഭാവനം ചെയ്തിരുന്നത്. ശക്തമായ മഴയില്‍ വെള്ളം കുതിച്ചെത്തിയതോടെ ഇത് താങ്ങാനുള്ള ശേഷി ഭിത്തിക്കില്ലായിരുന്നു.
ഇതോടെ കനാല്‍ തകര്‍ന്ന് വെള്ളം ഒഴുകിയെത്തിയതോടെ വീടുകളടക്കം വെള്ളത്തിനടിയിലായി. ഭാഗല്‍പൂര്‍ ജില്ലയിലെ ബടേശ്വര്‍സ്ഥാനിലാണ് കനാല്‍ ഭിത്തി തകര്‍ന്നത്.
കനാലിന്റെ ഉദ്ഘാടനം സംബന്ധിച്ച് പത്രങ്ങളിലെല്ലാം പരസ്യം ചെയ്തിരുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ കനാല്‍ ഉദ്ഘാടനം ചെയ്യുമെന്ന് വ്യക്തമാക്കിയായിരുന്നു പരസ്യം. ചടങ്ങില്‍ സംസ്ഥാന ജലസേചന മന്ത്രി രാജിവ് രഞ്ജന്‍ സിങ് ലല്ലനും സംബന്ധിക്കുമെന്നും അറിയിച്ചിരുന്നു.
വെള്ളത്തിന്റെ കുത്തൊഴുക്ക് തടയാനും വെള്ളത്തിനടിയിലായ പ്രദേശത്തെ ജനങ്ങള്‍ക്ക് രക്ഷാമാര്‍ഗമുണ്ടാക്കുന്നതിനുമായി ഭിത്തി തകര്‍ന്ന ഭാഗത്ത് മണല്‍ ചാക്ക് കൊണ്ടിടുകയാണെന്ന് ജലസേചന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അരുണ്‍ കുമാര്‍ സിങ് പറഞ്ഞു.
ബിഹാറിലെ ഭാഗല്‍പൂര്‍ ജില്ലയിലെ 18,620 ഹെക്ടര്‍ കൃഷി സ്ഥലത്തും ജാര്‍ഖണ്ഡിലെ ഗോഡ്ഡ ജില്ലയിലെ 4,038 ഹെക്ടര്‍ സ്ഥലത്തും വെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയാണ് ഇത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."