കുടുങ്ങിക്കിടക്കുന്നത് ഒട്ടേറെ പേര്‍
മെക്‌സിക്കന്‍ സിറ്റി: ഈ മാസം ഏഴിനുണ്ടായ ഭൂചലനത്തിന്റെ നടുക്കം മാറുന്നതിനു മുന്‍പേ മെക്‌സിക്കോയില്‍ വീണ്ടും ഭൂചലനം. കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനത്തെ തുടര്‍ന്ന് മെക്‌സിക്കോയുടെ തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ മാത്രം ഒട്ടേറെ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഇവയ്ക്കടിയില്‍ കുടുങ്ങിയവര്‍ക്കായി തിരച്ചിലും രക്ഷാപ്രവര്‍ത്തനവും തുടരുകയാണ്.
മുപ്പതിലേറെ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരുമടക്കം ഒട്ടേറെ പേര്‍ കെട്ടിടങ്ങള്‍ക്കടിയിലും മറ്റുമായി കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇത്തരത്തില്‍ കുടുങ്ങിക്കിടക്കുന്നവരെയും എത്രയും പെട്ടെന്നു പുറത്തെടുക്കാനും പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കാനും മെക്‌സിക്കന്‍ പ്രസിഡന്റ് എന്റിക് പെന നീറ്റോ ജനങ്ങളോട് അഭ്യര്‍ഥിച്ചു. കുടുങ്ങിക്കിടന്ന ചിലരെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെത്തിക്കുകയും ചിലര്‍ക്കു ഓക്‌സിജന്‍ നല്‍കുകയും ചെയ്യുന്നുണ്ട്. നദുരന്തത്തെ തുടര്‍ന്നു മെക്‌സിക്കോ സിറ്റിയില്‍ 86, പ്യൂഎബ്ലയില്‍ 43, മോറെലോസില്‍ 71, മെക്‌സിക്കോ സ്റ്റേറ്റ് 12, ഗ്യുറെറോ നാല് എന്നിങ്ങനെയാണ് കൊല്ലപ്പെട്ടവരുടെ എണ്ണം. മറ്റിടങ്ങളില്‍ കൊല്ലപ്പെട്ടവരുടെ ക്യത്യമായ വിവരം ലഭ്യമല്ല.
സംഭവത്തെ തുടര്‍ന്നു ജനങ്ങള്‍ വീടുകളില്‍നിന്നിറങ്ങി തുറസായ സ്ഥലങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ്.
ആശുപത്രികള്‍ നിറഞ്ഞതിനെ തുടര്‍ന്ന് ഇവയ്ക്കു പുറത്തും ചികിത്സ നടക്കുന്നുണ്ട്. മെക്‌സിക്കോയ്ക്ക് ഐക്യരാഷ്ട്രസഭയും വിവിധ രാഷ്ട്ര നേതാക്കളും സഹായവും പിന്തുണയും വാഗ്ദാനം ചെയ്തു.
ഈ മാസം ആദ്യം മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 98 പേരാണ് കൊല്ലപ്പെട്ടത്. ഇതു റിക്ടര്‍ സ്‌കെയിലില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമായിരുന്നു.
1985ല്‍ രാജ്യത്തുണ്ടായ വന്‍ ഭൂചലനത്തിന്റെ സ്മരണദിനത്തിലാണ് മെക്‌സിക്കോയില്‍ കഴിഞ്ഞ ദിവസം വന്‍ ഭൂചലനമുണ്ടായത്. 1985ലെ ദുരന്തത്തില്‍ പതിനായിരത്തോളം പേരാണ് കൊല്ലപ്പെട്ടിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."