അട്ടപ്പാടി ബദല്‍ റോഡിന്റെ സര്‍വേ നടപടികള്‍ പുനരാരംഭിക്കണം
പാലക്കാട് : പൂഞ്ചോല കുറുക്കന്‍ കുണ്ട് വഴിയുള്ള അട്ടപ്പാടി ബദല്‍ റോഡിന്റെ സര്‍വ്വേ നടപടികള്‍ പുനരാരംഭിക്കണമെന്ന് ഡി.സി.സി.പ്രസിഡന്റ് വി.കെ.ശ്രികണ്ഠന്‍ ആവശ്യപ്പെട്ടു.നിര്‍ദ്ദിഷ്ട ബദല്‍ റോഡ് നടപ്പാക്കിയാല്‍ അട്ടപ്പാടിയിലേയ്ക്കുള്ള ദൂരം കുറയുമെന്ന് മാത്രമല്ല ഹെയര്‍ പിന്‍ വളവുകളും ഒഴിവാക്കാം.
ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഇക്കാര്യത്തില്‍ പ്രായോഗിക സമീപനം കൈകൊള്ളണം.നിലവില്‍ ചുരം റോഡ് തകര്‍ന്നതിനാല്‍ അട്ടപ്പാടിയിലേയ്ക്കുള്ള ഗതാഗത മാര്‍ഗ്ഗങ്ങള്‍ പൂര്‍ണ്ണമായി നിലച്ചിരിക്കുന്നു. കഴിഞ്ഞ 5 ദിവസമായി അട്ടപ്പാടിയിലുള്ളവര്‍ അനുഭവിയ്ക്കുന്ന ബുദ്ധിമുട്ട് വിവരണാതീതമാണ്. കനത്ത മഴയും തുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ,ക്യഷി നാശവും അട്ടപ്പാടിയെ പാടെ തകര്‍ത്തിരിക്കുന്നു .നിരവധി വീടുകള്‍ തകര്‍ന്നതിനു പുറമെ, പല ആദിവാസി ഊരുകളും ഒറ്റപ്പെട്ടിരിക്കുന്നു. ഗുരുതര രോഗാവസ്ഥയില്‍ ഉള്ളവരും, അപകടത്തില്‍ പെടുന്നവരും വിദഗ്ദ ചികിത്സ കിട്ടാതെ വലയുന്നു. കൃഷി നാശത്തിനു പുറമെ അവശേഷിച്ച വാഴക്കുലകളും, പച്ചക്കറികളും മാര്‍ക്കറ്റില്‍ എത്തിയ്ക്കാന്‍ കഴിയാതെ കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു.വൈദ്യുതി ബന്ധം ഇനിയും പൂര്‍ണ്ണമായി പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. വിഷയത്തില്‍ സര്‍ക്കാര്‍ ഫലപ്രദമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ തരണം ചെയ്ത് ബദല്‍ റോഡ് ഉള്‍പ്പെടെയുള്ള ദീര്‍ഘകാല നടപടികള്‍ ആവിഷ്‌ക്കരിക്കണമെന്നും ശ്രീകണ്ഠന്‍ ആവിശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."