കോണ്‍ഗ്രസ് ഭാരവാഹിത്വം പിടിച്ചുവാങ്ങാന്‍ ഐ.എന്‍.ടി.യു.സി
കൊച്ചി: കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ യോഗ്യത അനുസരിച്ച് പ്രാതിനിധ്യം വേണമെന്ന് ഐ.എന്‍.ടി.യു.സി. പാര്‍ട്ടി നേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ അഞ്ചുപേരടങ്ങുന്ന സമിതിയെ നിയോഗിച്ചു. കൊച്ചിയില്‍ ചേര്‍ന്ന സമ്പൂര്‍ണ സംസ്ഥാന സമിതി യോഗമാണ് സമിതിയെ നിയോഗിച്ചത്. സംസ്ഥാന പ്രസിഡന്റിനെ കെ.പി.സി.സി വൈസ് പ്രസിഡന്റും ജില്ലാ പ്രസിഡന്റുമാരെ ഡി.സി.സി വൈസ് പ്രസിഡന്റുമാക്കുന്ന തരത്തില്‍ ഐ.എന്‍.ടി.യു.സി നേതാക്കള്‍ക്ക് യോഗ്യതക്ക് അനുസരിച്ച് ഭാരവാഹിത്വം നല്‍കണമെന്നാണ് ആവശ്യം. സംസ്ഥാനത്തെ കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായം നടപ്പാക്കാനുള്ള ശ്രമം ജനാധിപത്യ പ്രസ്ഥാനത്തിന് ഗുണകരമാകില്ലെന്നും ഒത്തു തീര്‍പ്പുകളും ഒട്ടിച്ചേര്‍ക്കലുകളും സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്നും ചന്ദ്രശേഖരന് പറഞ്ഞു. നന്നാകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നേതാക്കളാണ്. തെരഞ്ഞെടുപ്പ് നടന്നില്ലെങ്കില്‍ പാര്‍ട്ടിക്ക് ലക്ഷ്യബോധം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തൊഴില്‍ നയം ആറു മാസത്തിനുള്ളില്‍ നടപ്പാക്കണം. അതിനായി മുഖ്യമന്ത്രി ചെയര്‍മാനും തൊഴില്‍ മന്ത്രി കണ്‍വീനറുമായി തൊഴിലാളി സംഘടനാ പ്രതിനിധികള്‍ ഉള്‍പ്പെട്ട ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും സമ്പൂര്‍ണ സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് നിര്‍മിച്ച ഐ.എന്‍.ടി.യു.സി സംസ്ഥാന കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം നവംബര്‍ 28ന് രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ഭാരവാഹികളായ കെ. സുരേന്ദ്രന്, പി.ജെ ജോയി, പി.ആര് അയ്യപ്പന്, ഷാജി പൈനാടത്ത്, ജോര്‍ജ് കരിമറ്റം, ഇബ്രാഹിംകുട്ടി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."