മലയോരത്തെ ചിത്രകാരനെ കാണാന്‍ ഫ്രഞ്ച് ദമ്പതികളെത്തി
തിരുവമ്പാടി: മലയോരത്തിന്റെ അഭിമാനമായ ചിത്രകാരന്‍ കെ.ആര്‍ ബാബുവിനെ തേടി ഫ്രഞ്ച് ദമ്പതികള്‍ തിരുവമ്പാടിയിലെത്തി. ജീന്‍ ക്ലോദ് വാന്‍ ആന്റോസും ഭാര്യ ഹെലന്‍വാന്‍ ആന്റോസുമാണ് ചിത്രകാരനെ കാണാനെത്തിയത്. കേരളത്തിന്റെ തനതു ചിത്രകലാ രൂപമായ ചുമര്‍ ചിത്രകലയെ കുറിച്ച് അടുത്തറിയാന്‍ വേണ്ടിയാണ് ഫ്രാന്‍സില്‍നിന്ന് ഇവര്‍ കെ.ആര്‍ ബാബുവിന്റെ വീട്ടിലെത്തിയത്.
ബാബു വീട്ടില്‍ സജ്ജീകരിച്ച ആര്‍ട്ഗാലറിയിലും പെയ്ന്റിങ് സ്റ്റുഡിയോയിലും ഫ്രഞ്ച് ദമ്പതികള്‍ രണ്ടുദിവസം ചെലവഴിച്ചു. ചുമര്‍ചിത്രകലയില്‍ വ്യക്തിമുദ്ര പതിപ്പിച്ച കെ.ആര്‍ ബാബുവിന്റെ നേതൃത്വത്തില്‍ വരച്ച കുഞ്ഞിമംഗലം ശ്രീവല്ലാര്‍ കുളങ്ങര ഭഗവതി കൊട്ടാരത്തിലെയും മട്ടന്നൂരിലെ പഴശ്ശി സ്മൃതി മന്ദിരത്തിലെയും ചുമര്‍ ചിത്രങ്ങള്‍ കണ്ട് ആകൃഷ്ടരായാണ് ഫ്രഞ്ച് ദമ്പതികള്‍ക്ക് കെ.ആര്‍ ബാബുവിനെ കാണാന്‍ ആഗ്രഹമുണ്ടായത്.
കേരളത്തിലെ ചുമര്‍ ചിത്രരചന രീതിയെക്കുറിച്ചും ചിത്രരചയ്‌നക്കായി ഉപയോഗിക്കുന്ന ചായങ്ങളെക്കുറിച്ചും ഫ്രഞ്ച് ദമ്പതികള്‍ ബാബുവിനോടു ചോദിച്ചറിഞ്ഞു.
ഫ്രാന്‍സില്‍ നടക്കുന്ന ലോകപ്രശസ്തമായ 'ഗന്നാ' ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും കേരളീയ ചിത്രകലക്ക് പ്രാധാന്യം നല്‍കാന്‍ സംഘാടകരോട് ശുപാര്‍ശ ചെയ്യാമെന്ന ഉറപ്പും നല്‍കിയാണ് മലയോരത്തിന്റെ ചിത്രക്കാരനോട് ഫ്രഞ്ച് ദമ്പതികള്‍ യാത്ര പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."