അഭയാര്‍ഥികളായി പിറന്നു വീഴുന്നവര്‍.....
ഇത് അന്‍വര്‍ സാബിഖ്. സന്തോഷത്തോടെയും ആകാംക്ഷയോടെയും കാത്തു നില്‍ക്കുന്ന പ്രിയപ്പെട്ടവരുടെ ഇടയേക്കായിരുന്നില്ല അവന്‍ ആദ്യം മിഴി തുറന്നത്. ആശങ്കയും സങ്കടവും ഭീതിയും നിസ്സഹായതയും മുറ്റി നില്‍ക്കുന്ന കുറേ മനുഷ്യക്കോലങ്ങള്‍ക്കിടയിലേക്കായിരിക്കുന്നു. ഇത് ബംഗ്ലാദേശിലെ റോഹിംഗ്യന്‍ മുസ്‌ലിങ്ങളുടെ ക്യാംപില്‍ നിന്നുള്ള ദൃശ്യം.
മ്യാന്‍മര്‍ സൈന്യത്തിന്റെ തേര്‍വാഴ്ചയില്‍ നിന്ന് രക്ഷപ്പെടാനായി എല്ലാം ഉപേക്ഷിച്ച് ഇറങ്ങിയോടുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു മുഹ്‌സിന. കാടും മലകളും താണ്ടി മരണവെപ്രാളത്തില്‍ മുഹ്‌സിന ഓടുമ്പോള്‍ അവളുടെ ഉദരത്തില്‍ ചുരുണ്ടുകൂടിക്കിടക്കുകയായിരുന്നു അവന്‍..കുഞ്ഞു അന്‍വര്‍. ഈ ഉമ്മച്ചിക്ക് എന്താ പറ്റിയേ..വാവയ്ക്ക് നോവുന്നൂ എന്ന് ആ ഓട്ടത്തിനിടെ അവന്‍ ഉമ്മയെ ഓര്‍മിച്ചു കൊണ്ടേയിരുന്നു. വേദനകളായും തളര്‍ച്ചകളായും അവന്‍ തന്റെ പ്രതിഷേധമറിയിച്ചു. എങ്ങിനേയും സുരക്ഷിതമായ ഒരു കരയ്ക്കണയുക..തന്റെ കുഞ്ഞിനെ രക്ഷിക്കുക ഇത് മാത്രമായിരുന്നു അവളുടെ ലക്ഷ്യം. നാലു ദിവസത്തെ ഓട്ടത്തിനിടെ അവളുടെ കാലുകളില്‍ നീരു വന്നു. ഉദരം വലിഞ്ഞു മുറുകി..
[caption id="attachment_429672" align="aligncenter" width="630"] മുഹ്‌സിന ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം[/caption]മുഹ്‌സിനയുടെ ആദ്യത്തെ കണ്‍മണിയായിരുന്നു അവന്‍. ഒരു പാടു കിനാക്കള്‍ കണ്ടതാണ്. എന്നാല്‍ ഈ ഭൂമിയിലേക്കു പിറന്നു വീണപ്പോള്‍ അവനെ പൊതിയാന്‍ ഒരു തുണിക്കഷ്ണം പോലുമുണ്ടായിരുന്നില്ല അവളുടെ കയ്യില്‍. അവള്‍ക്കുപയോഗിക്കാന്‍ ലഭിച്ച രണ്ടു സാനിറ്ററി നാപ്കിനുകളില്‍ ഒന്നാണ് തലയിണയായി ഉപയോഗിക്കുന്നത്. പ്രസവിച്ച അന്നു തന്നെ ഉമ്മയേയും മകനേയും ആശുപത്രി അധികൃതര്‍ ക്യാംപിലേക്കു തിരിച്ചയച്ചു.
കുഞ്ഞു കാലുകള്‍ തന്റെ ഉദരത്തില്‍ ചവിട്ടുമ്പോള്‍...തന്നെ ഇക്കിളി കൂട്ടുമ്പോള്‍ അവനെ മനോഹരവും സമാധാനം നിറഞ്ഞതുമായ ലോകത്തേക്കു കൊണ്ടു വരുമെന്ന് ഞാന്‍ കിനാവു കാണാറുണ്ടായിരുന്നു...പ്രതീക്ഷ വറ്റിയ കണ്ണുകളോടെ മുഹ്‌സിന പറയുന്നു. അവന്റെ ജനനം സന്തോഷമുണ്ടാക്കുന്നുണ്ട്. എന്നാലും...മുഹ്‌സിനുടെ വാക്കുകള്‍ ബാക്കിയാവുന്നു...
അന്‍വര്‍ ഈ ക്യാംപില്‍ ഒറ്റപ്പെട്ടവനല്ല....ദുരിതം പെയ്യുന്ന ഈ ടെന്റുകളിലേക്ക് മിഴി തുറന്നവര്‍ നിരവധിയാണ്. രണ്ടുലക്ഷം കുട്ടികള്‍ മ്യാന്‍മറില്‍ അഭയാര്‍ഥികളാക്കപ്പെട്ടെന്നാണ് യൂനിസെഫിന്റെ കണക്ക്. അവരെല്ലാം പലതരത്തിലുള്ള രോഗങ്ങളും പട്ടിണിയും അനുഭവിക്കുന്നവരാണ്. എല്ലാത്തിനും പുറമെ വാക്കുകള്‍ക്കതീതമാണ് ഈ കുടിയൊഴിപ്പിക്കലുകള്‍ അവരുടെ ഉള്ളത്തില്‍ നിറയ്ക്കുന്ന നോവുകള്‍....
കടപ്പാട് ബിബിസി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."