പുതിയ പൊലിസ് സ്റ്റേഷന്‍: കാസര്‍കോട് ജില്ലയ്ക്കു അവഗണന
കാസര്‍കോട്: സംസ്ഥാനത്ത് പല ജില്ലകളിലും പുതിയ പൊലിസ് സ്റ്റേഷന്‍ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനം കൊണ്ടെങ്കിലും കാസര്‍കോട് ജില്ലയെ അവഗണിച്ചു. ജില്ലയില്‍ ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ വിഭജിച്ചു പെരിയയില്‍ പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍ ഇതു വാഗ്ദാനങ്ങളില്‍ മാത്രം ഒതുങ്ങുകയായിരുന്നു. ഇതിനു പുറമേ കുറ്റകൃത്യങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ജില്ലാ അതിര്‍ത്തി ഭാഗത്തും ഒരു പൊലിസ് സ്റ്റേഷന്‍ അത്യാവശ്യമാണെന്ന അഭിപ്രായവും ജനങ്ങളിലുണ്ട്.
കുമ്പള,മഞ്ചേശ്വരം പൊലിസ് സ്റ്റേഷനുകള്‍ക്കിടയില്‍ ഉപ്പളയില്‍ പുതിയ പൊലിസ് സ്റ്റേഷന്‍ വേണമെന്ന ആവശ്യമാണ് ജനങ്ങള്‍ ഉന്നയിക്കുന്നത്. കേസുകള്‍ കൂടി വന്നതോടെ ഈ രണ്ടു സ്റ്റേഷനുകളിലും പൊലിസ് അനുഭവിക്കുന്നത് കടുത്ത ജോലി ഭാരമാണ്. സമാന രീതിയിലുള്ള അവസ്ഥയാണ് തീരദേശ മേഖലയിലുള്ള ബേക്കല്‍ പൊലിസ് സ്റ്റേഷന്റെ അവസ്ഥയും. തീരദേശ മേഖലയിലെ കേസുകള്‍ക്കു പുറമേ മറ്റു ഭാഗങ്ങളിലെ കേസുകള്‍ കൂടി ഏറ്റെടുക്കുന്നതോടെ ബേക്കല്‍ സ്റ്റേഷനിലും കടുത്ത ജോലി ഭാരമാണുള്ളത്. കാഞ്ഞങ്ങാട് പൊലിസ് സ്റ്റേഷന്‍ കഴിഞ്ഞാല്‍ തീരദേശ മേഖലയില്‍ സ്ഥിതി ചെയ്യുന്ന ബേക്കല്‍ പൊലിസ് സ്റ്റേഷനിലേക്ക് പതിനേഴു കിലോമീറ്റര്‍ ദൂരമാണുള്ളത്.
അതേ സമയം, ദേശീയ പാത വഴി കാസര്‍കോട്ടെത്തുമ്പോള്‍ മുപ്പത്തിമൂന്നു കിലോമീറ്റര്‍ ദൂരത്തിലാണു വിദ്യാനഗര്‍ പൊലിസ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്. ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ ചേറ്റുകുണ്ഡ് മുതല്‍ മേല്‍പ്പറമ്പ് വരെയുള്ള ഭാഗങ്ങളില്‍ പല പ്രദേശങ്ങളും അധികൃതരുടെ കണക്കു പ്രകാരം പ്രശ്‌നബാധിത പ്രദേശങ്ങളാണ്.
എന്നാല്‍ ഇതിനു പുറമേ പൊലിസ് സ്റ്റേഷനില്‍ പത്തു കിലോമീറ്റര്‍ അകലെയുള്ള ദേശീയ പാതയിലെത്തിയാല്‍ അവിടെ നിന്നു തെക്കു ഭാഗത്തേക്കു ചാലിങ്കാല്‍ വരെ പത്തു കിലോമീറ്റര്‍ പരിധിയും വടക്കു ഭാഗത്തേക്ക് ആറു കിലോമീറ്റര്‍ ദൂരവും ദേശീയപാതയ്ക്കു കിഴക്കു ഭാഗത്തായി മറ്റൊരു ദൂരവും താണ്ടേണ്ട അവസ്ഥയാണു നിലവിലുള്ളത്. കേരള കേന്ദ്ര സര്‍വകലാശാല ഉള്‍പ്പെടെ നിലവില്‍ ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലാണു സ്ഥിതി ചെയ്യുന്നത്.
ബേക്കല്‍ പൊലിസ് സ്റ്റേഷന്‍ വിഭജിച്ചു പെരിയയിലും വിദ്യാനഗര്‍,ബദിയടുക്ക പൊലിസ് സ്റ്റേഷന്‍ വിഭജിച്ച് ദേശീയപാതയില്‍ ചട്ടഞ്ചാലിലും പൊലിസ് സ്റ്റേഷന്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍ പറഞ്ഞെങ്കിലും ഇതു യാഥാര്‍ഥ്യമായിട്ടില്ല.
ഇതിനിടെയാണു കഴിഞ്ഞ ദിവസം കൊല്ലം,പാലക്കാട്,തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ പുതിയ പൊലിസ് സ്റ്റേഷനുകള്‍ തുടങ്ങാന്‍ മന്ത്രിസഭ തീരുമാനം കൈകൊണ്ടത്. എന്നാല്‍ കാസര്‍കോട് ജില്ലയെ പാടെ അവഗണിച്ച കാഴ്ചയാണ് ഇക്കാര്യത്തില്‍ സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."