സ്റ്റേഷന്‍ ചുമതലയില്‍നിന്ന് എസ്.ഐമാരെ ഒഴിവാക്കി; പൊലിസ് സ്റ്റേഷനുകള്‍ ഇനി സി.ഐമാര്‍ ഭരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലിസ് സ്റ്റേഷനുകള്‍ ഇനി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഭരിക്കും. നിലവില്‍ സ്‌റ്റേഷന്‍ ഭരണം നടത്തുന്ന എസ്.ഐമാരുടെ അധികാരംഇതോടെ ഇല്ലാതായി. സംസ്ഥാനത്തെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരായി (എസ്.എച്ച്.ഒ) ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കാനാണ് തീരുമാനം.
രാജ്യത്താകമാനം പൊലിസ് സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറണമെന്ന കേന്ദ്ര പൊലിസ് അതോറിറ്റിയുടേയും സുപ്രിംകോടതിയുടേയും ഉത്തരവിനെ തുടര്‍ന്നാണ് നടപടി. മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്‍പെക്ടര്‍മാരാണ് എസ്.എച്ച്.ഒമാര്‍. എന്നാല്‍ കേരളത്തില്‍ ഇതുവരെ നടപ്പിലാക്കിയിരുന്നില്ല. കുറ്റാന്വേഷണവും ക്രമസമാധാനപാലനവും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് സുപ്രിംകോടതി തീരുമാനം നടപ്പിലാക്കാന്‍ സംസ്ഥാന പൊലിസ് മേധാവി തീരുമാനിച്ചത്.
പൊലിസ് സേനയെ കാര്യക്ഷമമാക്കാന്‍ പദ്ധതി സമര്‍പ്പിക്കാന്‍ നേരത്തെ മുഖ്യമന്ത്രി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയോട് ആവശ്യപ്പെട്ടിരുന്നു.
ഇതേ തുടര്‍ന്ന് സുപ്രിംകോടതി വിധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി ബെഹ്‌റ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കേരള പൊലിസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പരിഷ്‌കാരങ്ങളിലൊന്നാണ് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. സര്‍ക്കിള്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുന്നിടത്തെ സ്റ്റേഷനുകളിലാണ് ആദ്യം ഇന്‍സ്‌പെക്ടര്‍മാര്‍ എസ്.എച്ച്.ഒയാകുന്നത്.
മറ്റു ചില വലിയ സ്റ്റേഷനുകളിലും സി.ഐമാരെ എസ്.എച്ച്.ഒമാരാക്കും. തിരുവനന്തപുരം ഫോര്‍ട്ട്, പമ്പ, കൊച്ചി ഇന്‍ഫോപാര്‍ക്ക്, അടൂര്‍, റാന്നി, പത്തനംതിട്ട, കണ്ണൂര്‍ ടൗണ്‍ ഉള്‍പ്പെടെ 11 സ്റ്റേഷനുകളില്‍ നിലവില്‍ ഇന്‍സ്‌പെക്ടര്‍മാരാണ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍.
ബാക്കിയുള്ള 191 സ്റ്റേഷനുകളില്‍ക്കൂടി ഇത് നടപ്പാക്കുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ഭരിക്കുന്ന സ്റ്റേഷനുകള്‍ 202 ആകും. ബാക്കി സ്റ്റേഷനുകളില്‍ നിലവിലെ സീനിയര്‍ എസ്.ഐമാര്‍ക്ക് സ്ഥാനക്കയറ്റം ലഭിക്കുന്ന മുറയ്ക്ക് എസ്.എച്ച്.ഒമാരാക്കും. ഇതോടെ സംസ്ഥാനത്തെ പൊലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫിസുകള്‍ ഇല്ലാതായി.
സ്റ്റേഷന്‍ ചുമതല ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് നല്‍കിയതോടെ മുഴുവന്‍ പൊലിസ് സ്റ്റേഷനുകളിലും കുറ്റാന്വേഷണവും ക്രമസമാധാനപാലനവും എസ്.ഐമാരുടെ നേതൃത്വത്തില്‍ രണ്ടായി വിഭജിക്കും. മിക്ക പൊലിസ് സ്റ്റേഷനുകളിലും ഗ്രേഡ്, സൂപ്പര്‍ ന്യൂമറി വിഭാഗങ്ങളിലായി ഒന്നിലേറെ എസ്.ഐമാരുണ്ട്. ഇവര്‍ക്ക് ജനമൈത്രി, ട്രാഫിക്, അഡ്മിനിസ്‌ട്രേഷന്‍ ഉള്‍പ്പെടെ വിവിധ ചുമതല നല്‍കി ഏകോപിപ്പിക്കും.
കേസ് അന്വേഷണത്തിലടക്കം ഇന്‍സ്‌പെക്ടര്‍മാരുടെ തൊഴില്‍ പരിചയം മുതല്‍ക്കൂട്ടാകും. മാത്രമല്ല, ഇന്‍സ്‌പെക്ടര്‍ ഗസറ്റഡ് റാങ്കിലുള്ള ഉദ്യോഗസ്ഥനായതിന്റെ ഗുണവും ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."