ചെറുവത്തൂര്‍ റെയില്‍വേ നടപ്പാലം പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും
ചെറുവത്തൂര്‍: ചെറുവത്തൂര്‍ റെയില്‍വേ നടപ്പാലം പ്രവൃത്തി അടുത്തയാഴ്ച ആരംഭിക്കും. റെയില്‍വെ സ്റ്റേഷനില്‍ നിലവിലുള്ള നടപ്പാലം കിഴക്കു ഭാഗത്തേക്കു നീട്ടിപ്പണിയുന്ന പ്രവൃത്തിയാണ് ഉടന്‍ ആരംഭിക്കുക. നിര്‍മാണ പ്രവൃത്തി തുടങ്ങുന്ന സ്ഥലം റെയില്‍ അധികൃതരെത്തി അളന്നു തിട്ടപ്പെടുത്തി. റെയില്‍വേ സീനിയര്‍ അസി. എന്‍ജിനിയര്‍മാരായ ടി.വി പത്‌മേഷ്, എം. രഞ്ജിത്ത്കുമാര്‍, കരാര്‍ ഏറ്റെടുത്ത വിഷ്ണു എന്നിവരാണു നിര്‍ദിഷ്ട സ്ഥലത്തെത്തി പ്രാരംഭ നടപടികള്‍ പൂര്‍ത്തീകരിച്ചത്.
പി. കരുണാകരന്‍ എം.പിയുടെ ഇടപെടലിന്റെ ഭാഗമായാണു നടപ്പാലം അനുവദിച്ചു കിട്ടിയത്. ഇതിനായി എം.പി ഫണ്ടില്‍ നിന്നു 20ലക്ഷം രൂപയും വകയിരുത്തിയിരുന്നു. പദ്ധതിക്കായി എം. രാജഗോപാലന്‍ എം.എല്‍.എയുടെ ഫണ്ടില്‍ നിന്നു 25 ലക്ഷവും നല്‍കിയിരുന്നു.
നടപ്പാലത്തിന്റെ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി സെന്റേജ് ചാര്‍ജായി ചെറുവത്തൂര്‍ പഞ്ചായത്ത് ഒരുലക്ഷത്തോളം രൂപയും നല്‍കിയിരുന്നു. പദ്ധതിയുടെ ടെന്‍ഡര്‍ നടപടി നേരത്തേ തന്നെ പൂര്‍ത്തിയായിരുന്നു. കയ്യൂര്‍ -ചീമേനി, പിലിക്കോട്, കരിവെള്ളൂര്‍-പെരളം, കാങ്കോല്‍ ആലപ്പടമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി യാത്രക്കാര്‍ ചെറുവത്തൂര്‍ റെയില്‍വേ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്.
ഇവര്‍ റെയില്‍വേ സ്റ്റേഷന്റെ കിഴക്കു ഭാഗത്തു കൂടിയുള്ള റോഡിലൂടെയാണു സ്റ്റേഷനില്‍ എത്തുന്നത്. റോഡിലൂടെ കയറി ചെന്നാല്‍ എത്തുന്നതു മൂന്നാമത്തെ ട്രാക്കിലേക്കാണ്. ഇവിടെ നിന്നു ട്രാക്കു മുറിച്ചു കടന്നു വേണം രണ്ടാമത്തെ പ്ലാറ്റ് ഫോമിലെത്താന്‍. ഇവിടെ നിന്നു മാത്രമാണു നടപ്പാലമുള്ളതും. ഇതു യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു. പാലം വരുന്നതോടെ കിഴക്കുഭാഗത്തു നിന്നും യാത്രക്കാര്‍ക്കു സുഗമമായി പ്ലാറ്റ്‌ഫോമിലും ടിക്കറ്റ് കൗണ്ടറിലും എത്താന്‍ സാധിക്കും.
പഞ്ചായത്ത് പ്രസിഡന്റ് മാധവന്‍ മണിയറ, കൊക്കോട്ട് നാരായണന്‍, വെങ്ങാട്ട് കുഞ്ഞിരാമന്‍, കെ. രാജീവ്കുമാര്‍, മുനമ്പത്ത് ഗോവിന്ദന്‍, ഇ.കെ മുഹമ്മദ്കുഞ്ഞി, ടി. രാജന്‍ എന്നിവരും സംഘത്തോടൊപ്പം സ്ഥലം സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."