പ്രവൃത്തികള്‍ പാതി വഴിയില്‍: ഇഴഞ്ഞിഴഞ്ഞ് പടിഞ്ഞാറത്തറ ടൗണ്‍ നവീകരണം
പടിഞ്ഞാറത്തറ: ദിനവും നൂറുകണക്കിന് പേര്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന പടിഞ്ഞാറത്തറ ടൗണ്‍ നവീകരണം പാതിവഴിയില്‍.
2015ലാണ് ടൗണ്‍ നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചത്. തുടര്‍ന്ന് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കരാര്‍ നല്‍കുകയും ചെയ്തു.
എന്നാല്‍ ജോലി ഏറ്റെടുത്ത കരാറുകാരന്‍ നവീകരണം പാതി വഴിയില്‍ നിര്‍ത്തിയിരിക്കുകയാണ്. മുന്‍ എം.എല്‍.എ എം.വി ശ്രേയസ്‌കുമാറിന്റെ പ്രാദേശിക വികസന നിധിയില്‍ നിന്നാണ് ടൗണ്‍ നവീകരണത്തിനുള്ള തുക അനുവദിച്ചത്.
അടഞ്ഞ ഓവുചാലുകള്‍ വെള്ളം ഒഴുകി പോവുന്ന വിധത്തില്‍ നവീകരിക്കുക, ഇന്റര്‍ലോക്ക് സ്ലാബുകള്‍ നിര്‍മിക്കുക, കല്‍പ്പറ്റ റോഡില്‍നിന്നും പടിഞ്ഞാറത്തറയിലേക്ക് കടക്കുന്ന ഭാഗത്ത് കള്‍വര്‍ട്ട് നിര്‍മിക്കുക, നിര്‍മാണം നടത്തുന്ന ഭാഗങ്ങളില്‍ റോഡ് കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗതയാഗ്യമാക്കുക തുടങ്ങിയ പ്രവൃത്തികളാണ് കരാറില്‍ ഉള്‍പ്പെടുത്തിയത്.
നിലവില്‍ കല്‍പ്പറ്റ റോഡില്‍ സ്റ്റേറ്റ് ബങ്കിനും ഫെഡറല്‍ ബാങ്കിനും ഇടയില്‍ പലഭാഗങ്ങളിലും ഓവുചാലുകള്‍ക്ക് മുകളിലെ സ്ലാബുകള്‍ ഇതുവരെ പുതുക്കി ഇന്റര്‍ലോക്ക് ചെയ്തിട്ടില്ല.
തെങ്ങുംമുണ്ട റോഡില്‍നിന്നു നടപ്പാതയിലേക്ക് യാത്രക്കാര്‍ക്ക് കയറേണ്ട ഭാഗത്ത് ഗര്‍ത്തങ്ങളാണ് നിലവിലുള്ളത്. ഇവിടെ കുട്ടികളുടെയും സ്ത്രീകളുടയും വൃദ്ധരുടെയും കാലുകള്‍ കുടുങ്ങി അപകടത്തില്‍പ്പെടുന്നത് പതിവാണ്. കള്‍വര്‍ട്ട് നിര്‍മിച്ച ഭാഗത്ത് ചെറിയ മഴയില്‍ പോലും വെള്ളം കെട്ടി നില്‍ക്കുകയാണ്. ഈ ഭാഗത്ത് തകര്‍ന്ന റോഡ് നന്നാക്കാനും നടപടിയില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."