ശൈഖ് ഹസീനക്കെതിരായ വധശ്രമം പരാജയപ്പെടുത്തി
ധാക്ക: ബംഗ്ലാദേശ് പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ വധശ്രമം പരാജയപ്പെടുത്തി. നിരോധിത ഭീകരസംഘടനയായ ജമാഅത്തുല്‍ മുജാഹിദീന്‍ സുരക്ഷാ ഗാര്‍ഡുകളെ സ്വാധീനിച്ച് ഹസീനയെ കൊലപ്പെടുത്താനായിരുന്നു ശ്രമം. ഓഗസ്റ്റ് 24നായിരുന്നു സംഭവം. എന്നാല്‍ ഇതു മുന്‍കൂട്ടി അറിഞ്ഞ ബംഗ്ലാദേശ് ഇന്റലിജന്‍സ് വിഭാഗം വേണ്ട സുരക്ഷയൊരുക്കിയതിനെ തുടര്‍ന്നാണു ദുരന്തം ഒഴിവായത്.
മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വധിച്ചതുപോലെയുള്ള രീതിയാണ് ഭീകരര്‍ പിന്തുടര്ന്നത്. ഹസീന പ്രഭാതസവാരിക്കിറങ്ങുമ്പോള്‍ ഇവരുടെ ഓഫിസിനടുത്തു സ്ഫോടനം നടത്തി സുരക്ഷാസേനയുടെ ശ്രദ്ധ തിരിക്കുകയും തുടര്‍ന്നു സ്വന്തം സുരക്ഷാ ഗാര്‍ഡുകളെ ഉപയോഗിച്ച് ഹസീനയെ കൊലപ്പെടുത്തുകയുമായിരുന്നു പദ്ധതി. ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ സഹായത്തോടെ സുരക്ഷാ ഗാര്‍ഡുകളും ഭീകരരും തമ്മിലുള്ള സംഭാഷണം ചോര്‍ത്തിയതാണ് ആക്രമണം പൊളിക്കാന്‍ ഇടയാക്കിയത്. ഹസീനയ്ക്കു പ്രത്യേക സുരക്ഷ ഒരുക്കുകയും ഗാര്‍ഡുകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."