മഴ നിലച്ചു; അണക്കെട്ടുകളില്‍ നീരൊഴുക്ക് ശക്തം
തൊടുപുഴ: പദ്ധതി പ്രദേശങ്ങളില്‍ മഴ നിലച്ചെങ്കിലും അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുന്നു. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച 24 മണിക്കൂറില്‍ കെ.എസ്.ഇ.ബി അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളില്‍ ഒരുതുള്ളി മഴ പെയ്തില്ല. എങ്കിലും 39.3 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തി.
പവര്‍ എക്സ്ചേഞ്ചില്‍ ഉയര്‍ന്ന വില തുടരുന്നതിനാല്‍ ആഭ്യന്തര ഉത്പാദനം ഉയര്‍ത്തിയിരിക്കുകയാണ്. മൊത്തം ശേഷിയുടെ 64 ശതമാനം വെള്ളം ഇപ്പോള്‍ അണക്കെട്ടുകളില്‍ ഉള്ളതിനാല്‍ ഉത്പാദനം ഉയര്‍ത്തിയാലും പ്രശ്നമില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.
2669.48 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്കുള്ള വെള്ളം ഇപ്പോള്‍ അണക്കെട്ടുകളിലുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേദിവസത്തേക്കാള്‍ 449.93 ദശലക്ഷം യൂനിറ്റ് കൂടുതലാണിത്.
തുലാമഴ കൂടി കനിഞ്ഞാല്‍ ഇക്കുറി ജലശേഖരം സംഭരണശേഷിയുടെ 70 - 80 ശതമാനത്തിലേക്ക് എത്തുമെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ വിലയിരുത്തല്‍.
2363.97 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. സംഭരണ ശേഷിയുടെ 58 ശതമാനമാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."