ജയയുടെ മരണം: വനം മന്ത്രിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന് ദിനകരന്‍
ചെന്നൈ: ജയലളിത അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ അവരുടെ രോഗവിവരത്തെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് മാപ്പ് ചോദിച്ച് വനം മന്ത്രി ദിണ്ഡിഗല്‍ ശ്രീനിവാസന്‍ നടത്തിയ അഭിപ്രായപ്രകടനത്തിനെതിരേ അണ്ണാ ഡി.എം.കെ വിമത നേതാവ് ടി.ടി.വി ദിനകരന്‍.
മന്ത്രി ശ്രീനിവാസന്‍ പറയുന്നത് വാസ്തവമല്ലെന്നും ശശികലക്കുപോലും ജയലളിതയെ കാണാന്‍ പരിമിതമായ സമയമായിരുന്നു അനുവദിച്ചിരുന്നതെന്നും ദിനകരന്‍ പറഞ്ഞു. അവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കുന്നതിന് ശശികലയുടെ ഭാഗത്തു നിന്ന് ഒരു തരത്തിലുള്ള നിയന്ത്രണങ്ങളും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സെപ്റ്റംബര്‍ 22നാണ് ജയലളിതയെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഒക്ടോബര്‍ ഒന്നുവരെ ദിവസവും പരിമിതമായ സമയങ്ങളില്‍ മാത്രമായിരുന്നു ശശികലക്ക് ജയയെ കാണാന്‍ ആശുപത്രി മാനേജ്‌മെന്റ് അനുവാദം നല്‍കിയിരുന്നത്. അണുബാധയുണ്ടാകുമെന്ന കാരണത്താലാണ് സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതെന്നും തന്നെ അനുകൂലിക്കുന്ന എം.എല്‍.എമാരെ പാര്‍പ്പിച്ച കൂര്‍ഗിലെ റിസോര്‍ട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ദിനകരന്‍ വ്യക്തമാക്കി.
അണ്ണാ ഡി.എം. കെ നേതാക്കളായ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയും വനംമന്ത്രി ദിണ്ഡിഗല്‍ ശ്രീനിവാസനുമെല്ലാം ഉന്നയിക്കുന്ന ആരോപണങ്ങള്‍ വാസ്തവവിരുദ്ധമാണ്. ജയയുടെ ചികിത്സയുടെ എല്ലാ കാര്യങ്ങളും നിയന്ത്രിച്ചിരുന്നത് ശശികലയാണെന്ന വാദം ശരിയല്ല. ഇത്തരത്തിലുള്ള ആരോപണങ്ങളാണ് മുഖ്യമന്ത്രിയും മറ്റും ഉന്നയിക്കുന്നത്.
ജയയുടെ മരണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പളനിസാമി റിട്ട. ഹൈക്കോടതി ജഡ്ജിയെ നിയമിച്ചിട്ടുണ്ട്. എന്നിട്ടും വനംമന്ത്രി അദ്ദേഹത്തിന്റെ പദവിക്ക് യോജിക്കാത്ത തരത്തിലുള്ള ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. എം.ജി.ആറിന്റെ ജന്മദിനത്തോടനുബന്ധിച്ച് മധുരയില്‍ നടത്തിയ റാലിയിലാണ് ജയയുടെ മരണവുമായി ബന്ധപ്പെട്ട കാര്യത്തില്‍ ജനങ്ങളോട് മാപ്പു ചോദിക്കുന്നതായി മന്ത്രി ദിണ്ഡിഗല്‍ ശ്രീനിവാസന്‍ അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."