കള്ളച്ചിത്രം കാട്ടി നാണംകെട്ടു
ന്യൂയോര്‍ക്ക്: തങ്ങളെ തൊലിയുരിച്ചു കാട്ടി ഐക്യരാഷ്ട്രസഭയില്‍ മുന്നേറുന്ന ഇന്ത്യയെ അവഹേളിക്കാന്‍ കൊണ്ടുവന്ന വ്യാജഫോട്ടോയില്‍ നാണംകെട്ടു പാകിസ്താന്‍.
ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ മുഖത്താകെ പരുക്കേറ്റ യുവതിയുടെ ചിത്രമാണു കശ്മിരില്‍ ഇന്ത്യന്‍ പട്ടാളം നടത്തിയ പെല്ലറ്റ് ആക്രമണത്തിന്റേതെന്ന വ്യാജേന ഐക്യരാഷ്ട്രസഭയില്‍ പാക് സ്ഥാനപതി മലീഹ ലോധി ഉയര്‍ത്തിക്കാട്ടിയത്.
ഇതേ ചിത്രം പാകിസ്താന്റെ യു.എന്നിലെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലും പങ്കുവച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ ഇന്ത്യയെ നാണം കെടുത്താനുദ്ദേശിച്ചു പുറത്തുവിട്ട കള്ളച്ചിത്രം കണ്ട സത്യമറിയാവുന്ന രാജ്യാന്തര മാധ്യമങ്ങള്‍ ചിത്രത്തിന്റെ യാഥാര്‍ഥ്യം വെളിപ്പെടുത്തി രംഗത്തുവന്നു. അതോടെ, ഐക്യരാഷ്ട്രസഭയെ ഇടപെടുവിച്ചു കശ്മിരില്‍ ഹിതപരിശോധന നടത്തി ആ പ്രദേശം എളുപ്പത്തില്‍ സ്വന്തമാക്കാനുള്ള പാകിസ്താന്റെ ശ്രമം തകര്‍ന്നു.
ഒട്ടേറെ ഭീകരസംഘടനകള്‍ക്ക് അഭയം നല്‍കുന്ന പാകിസ്താന്‍ ടെററിസ്താനായി മാറിയിരിക്കുന്നുവെന്ന് ഐക്യരാഷ്ട്രസഭയില്‍ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഈനം ഗംഭീര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഈ ഘട്ടത്തിലും കശ്മിര്‍ പ്രശ്‌നത്തില്‍ യു.എന്‍. ഇടപെടണമെന്ന ആവശ്യം ആവര്‍ത്തിക്കുകയായിരുന്നു പാകിസ്താന്‍.
ഇന്നലെ വിദേശകാര്യമന്ത്രി സുഷമസ്വരാജ് സ്വരം കൂടുതല്‍ കടുപ്പിച്ചു പാകിസ്താന്‍ ഭീകരരുടെ ഫാക്ടറിയാണെന്ന ആരോപണം നടത്തി. ഇതിനു മറുപടിയായാണു മലീഹ ലോധി കശ്മിരില്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്ന ആയിരക്കണക്കിനാളുകളെക്കുറിച്ചു പുറംലോകത്തിനു മുന്നില്‍ മൗനം പാലിക്കുകയാണെന്നും കുറ്റപ്പെടുത്തിയത്. ഈ പ്രസംഗത്തിനിടയിലായിരുന്നു അവര്‍ മുഖത്താകെ പരിക്കുകളുള്ള യുവതിയുടെ ചിത്രം ഉയര്‍ത്തിക്കാട്ടിയത്.
ചിത്രത്തിന്റെ യാഥാര്‍ഥ്യം പുറത്തുവന്നതോടെ അതു ലോകം മുഴുവന്‍ വൈറലായി. ജറുസലേമിലെ ഫോട്ടോഗ്രാഫറായ ഹെയ്ദി ലെവിന്‍സ് ലാസയിലെ ഇസ്‌റാഈല്‍ ഭീകരതയുമായി ബന്ധപ്പെട്ടു 2014 ല്‍ എടുത്ത ചിത്രമായിരുന്നു അത്. ദ് ഗാര്‍ഡിയന്‍ വെബ്‌സൈറ്റ് ഏര്‍പ്പെടുത്തിയ ഫോട്ടോഗ്രാഫി മത്സരത്തില്‍ സമ്മാനിതമായ ഈ ഫോട്ടോ വൈബ് സൈറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഇസ്‌റാഈല്‍ 2014ല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പരുക്കേറ്റ അബൂ ജൊമാ എന്ന 17കാരിയുടേതാണ് ഈ ചിത്രം. ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ തുടങ്ങിയ മാധ്യമങ്ങള്‍ ഗാസ കാഴ്ചകളെന്ന പേരില്‍ ഈ ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതാണു പാകിസ്താന്‍ ഇന്ത്യയെ കരിവാരിത്തേക്കാന്‍ വ്യാജമായി പരസ്യപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."