വത്തിക്കാനും മുസ്ലിം വേള്‍ഡ് ലീഗിനുമിടയില്‍ സ്ഥിരം ആശയ വിനിമയത്തിനു കമ്മിറ്റി രൂപീകരിക്കാന്‍ ധാരണ
റിയാദ്: മുസ്ലിം വേള്‍ഡ് ലീഗിനും വത്തിക്കാനുമിടയില് ആശയ വിനിമയത്തിനായി സ്ഥിരം ആശയ വിനിമയ കമ്മിറ്റി രൂപീകരിക്കാന്‍ ധാരണയായി. കഴിഞ്ഞ ദിവസം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായും പൊന്തിഫിക്കല്‍ കൗണ്‍സില്‍ തലവന്‍ കര്‍ദിനാള്‍ ജീന്‍ ലോറന്റ് തൗറാനുമായും മുസ്ലിം വേള്‍ഡ് ലീഗ് സെക്രട്ടറി ജനറല്‍ മുഹമ്മദ് അല്‍ ഈസ നടത്തിയ കൂടിക്കാഴ്ച്ചയിലാണ് ഇത് സംബന്ധിച്ച് ധാരണയിലെത്തിയത്. കൗണ്‍സില്‍ ഓഫ് ആഴ്ച്ച ബിഷപ്പ് മിഗുവേല്‍ ഇസോസു ആര്‍ച്ച് ബിഷപ്പ് ഖാലിദ് അകാശ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച്ച.
ഇസ്ലാമിക ക്രിസ്ത്യന്‍ ലോകങ്ങള്‍ക്കിടയില്‍ ആശയ വിനിമയത്തിന്റെയും പരസ്പര ധാരണയുടെയും സഹകരണത്തിന്റെയും പുതിയ ലോകം നിര്‍മ്മിക്കുകയാണ് സംവിധാനത്തിലൂടെ ഉദ്ദേശിക്കുന്നത്. ജനവിഭാഗങ്ങള്‍ തമ്മില്‍ സഹ വര്ത്തിത്വവും സഹകരണവും പരസ്പര ധാരണയും ശക്തിപ്പെടുത്തുന്നതിന് പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗ് നടത്തുന്ന ശ്രമങ്ങളെ ഓ ഐ സി സെക്രട്ടറി ജനറല്‍ പ്രശംസിച്ചു. തീവ്രവാദത്തെയും ഭീകരവാദത്തെയും ഇസ്ലാമുമായി ബന്ധിപ്പിക്കുന്ന വാദങ്ങള്‍ക്കെതിരെ നീതിപൂര്‍വമായ നിലപാടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചതെന്നും ഇത് പ്രശംസനീയമാണെന്നും നന്ദി അറിയിക്കുന്നതായും സെക്രട്ടറി ജനറല്‍ ഡോ: മുഹമ്മദ് അല്‍ ഈസ വ്യക്തമാക്കി.
വത്തിക്കാനില്‍ സന്ദര്‍ശനം നടത്തുന്ന മുസ്ലിം വേള്‍ഡ് ലീഗ് പ്രതിനിധികള്‍ കമ്മ്യുണിറ്റി ഓഫ് സാന്‍ഡ് എഗീദിയോ, റോമിലെ അന്താരാഷ്ട്ര കാത്തോലിക് ഓര്ഗനൈസേഷന് ആസ്ഥാനങ്ങളും സന്ദര്‍ശിച്ചു. ചരിത്ര നീക്കമാണ് മുസ്ലിം വേള്‍ഡ് ലീഗ് നടത്തിയതെന്നും ലോക സമാധാനത്തിനും സൗഹൃദത്തിനും ഉപകരിക്കുന്ന രീതിയില്‍ മാറ്റാന്‍ സന്ദര്‍ശനം ഉപകരിക്കുമെന്നും അല്‍ ഈസ പറഞ്ഞു. വിവിധ മതാനുയായികള്‍ക്കിടയില്‍ സമാധാനവും അനുരജ്ഞനയുമുണ്ടാക്കുന്നതിനു പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ ഇന്റര്‍ റിലീജിയസ് ഡയലോഗുമായി ചേര്‍ന്ന് നടത്തുന്ന ആശയ സംവിധാനത്തില്‍ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കൗണ്‍സിലിന് ആഹ്ലാദമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."