പുതുതായി നിയമിതനായ ഈഴവ ശാന്തിക്കാരന് വധഭീഷണി
കായംകുളം: ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ നിയമിതനായ ഈഴവ ശാന്തിക്കാരന് വധഭീഷണി. കായംകുളം ചേരാവള്ളി പലാഴിയില്‍ സുധികുമാറിനെ (36)നെതിരെയാണ് വധഭീഷണി മുഴക്കിയത്. ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് രണ്ടംഗ സംഘം വീട്ടിലെത്തി ഭീഷണി മുഴക്കിയത്. ഭാര്യ സുബിമോള്‍ മക്കളായ നിരഞ്ജന (ആറ്), നിരഞ്ജന്‍ (മൂന്ന്), പിതാവ് സുകുമാരന്‍ (68) എന്നിവരാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്.
സംഭവം സംബന്ധിച്ച്കായംകുളം പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ചെട്ടികുളങ്ങര ക്ഷേത്രത്തില്‍ ചുമതലയേറ്റാല്‍ വെട്ടിക്കൊല്ലുമെന്നായിരുന്നു ഭീഷണിയെന്ന് പരാതിയില്‍ പറയുന്നു. അബ്രാഹ്മണനാണെന്ന കാരണത്താല്‍ തടഞ്ഞ സുധികുമാറിന്റെ ചെട്ടികുളങ്ങരയിലെ നിയമനം കഴിഞ്ഞ ദിവസം കൂടിയ ദേവസ്വം ബോര്‍ഡ് യോഗമാണ് പുനഃപരിശോധിച്ചത്.
കായംകുളം പുതിയിടംക്ഷേത്രത്തിലെ കീഴ്ശാന്തിയായ സുധികുമാറിന്റെ ചെട്ടികുളങ്ങരക്കുള്ള സ്ഥലംമാറ്റം തടഞ്ഞത് വിവാദമായി മാറിയിരുന്നു. ഭയന്നുപോയ കുടുംബം സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ദേവസ്വം മന്ത്രിക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."