മണ്‍സൂണ്‍ അവസാനിക്കുന്നു മഴ തുടരും
തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ ( കാലവര്‍ഷം) സീസണ്‍ അവസാനിക്കുന്നു. സാങ്കേതികമായി ജൂണ്‍ ഒന്നു മുതല്‍ സെപ്റ്റംബര്‍ അവസാനം വരെയാണ് തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന്റെ കാലയളവ്. എങ്കിലും ഒക്ടോബര്‍ മാസത്തെ ആദ്യത്തെ കുറച്ചു ദിവസങ്ങളിലും കാലവര്‍ഷത്തിന്റെ ഭാഗമായുള്ള മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ഒരു ചെറിയ ഇടവേളക്ക് ശേഷം ഇന്നലെ സംസ്ഥാനത്ത് വീണ്ടും പരക്കെ മഴ ലഭിച്ചു.
കണ്ണൂരില്‍ ശക്തമായും കോഴിക്കോട്, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ സാമാന്യം നല്ല രീതിയിലും മഴ ലഭിച്ചു.
ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് കാലവര്‍ഷത്തിലൂടെ സംസ്ഥാനത്തിന് 1826.43 മില്ലീ മീറ്റര്‍ മഴയാണ് ലഭിച്ചത്. ലഭിക്കേണ്ടിയിരുന്നത് 2016. 8 മില്ലീമീറ്ററും. മഴക്കുറവ് 9.44 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇത് 34 ശതമാനമായിരുന്നു. ജില്ലകളുടെ കൂട്ടത്തില്‍ പത്തനംതിട്ടയില്‍ ലഭിക്കേണ്ടിയിരുന്നതിനെക്കാള്‍ 0.81 ശതമാനം കൂടുതല്‍ മഴ ലഭിച്ചിട്ടുണ്ട്.
മഴക്കുറവ് ഏറ്റവും അധികം അനുഭവപ്പെടുന്നത് വയനാട് ജില്ലയിലാണ്, 36.9 ശതമാനം. എറണാകുളം , കൊല്ലം , കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ പത്ത് ശതമാനത്തിന് താഴെയാണ് മഴക്കുറവ്.
കഴിഞ്ഞ വര്‍ഷത്തെ സ്ഥിതിയുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രതീക്ഷാനിര്‍ഭരമായ സാഹചര്യമാണ് നിലവിലുള്ളത്. വരള്‍ച്ചാ ഭീഷണി കാരണം കൃത്രിമ മഴയുടെ സാധ്യതവരെ സര്‍ക്കാര്‍ പരിശോധിക്കുന്നതിനിടക്കാണ് കഴിഞ്ഞയാഴ്ച ഈ വര്‍ഷത്തെ റെക്കോര്‍ഡ് മഴയുണ്ടായത്.
അതേ സമയം ഒക്ടോബര്‍ പകുതിയോടെ വടക്കുകഴക്കന്‍ മണ്‍സൂണ്‍ അഥവാ തുലാവര്‍ഷം സംസ്ഥാനത്ത് ലഭിച്ചു തുടങ്ങും. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ പകുതി വരെയാണ് കാലയളവ്. തെക്കന്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ തുലാമഴ ലഭിക്കാന്‍ സാധ്യത.
കഴിഞ്ഞ വര്‍ഷം തികച്ചും അസാധാരണമായ സാഹചര്യമായിരുന്നു സംസ്ഥാനത്തുണ്ടായത്. കാലവര്‍ഷത്തില്‍ 34 ശതമാനവും തുലാവര്‍ഷത്തില്‍ 62 ശതമാനവും മഴക്കുറവ്.
ഈ നൂറ്റാണ്ടില്‍ സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ മഴക്കുറവാണ് അപ്പോഴുണ്ടായതെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഈ വര്‍ഷം സ്ഥിതി ആകെ മാറിയിട്ടുണ്ട്. കാലവര്‍ഷം തകര്‍ത്തു പെയ്തതോടെ വരള്‍ച്ചാ ഭീഷണി ഒഴിഞ്ഞിട്ടുണ്ട്. തുലാമഴയും പ്രതീക്ഷകള്‍ക്കൊത്ത് ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."