തീരം ഉണര്‍ന്നു; അക്ഷരസാഗരത്തില്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തീരപ്രദേശങ്ങളിലെ സാക്ഷരതാനിലവാരം ഉയര്‍ത്തുന്നതിനായി സംസ്ഥാന സാക്ഷരതാമിഷന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന 'അക്ഷരസാഗരം' തീരദേശ സാക്ഷരതാപരിപാടിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം, മലപ്പുറം, കാസര്‍കോട് എന്നീ ജില്ലകളില്‍ നടപ്പിലാക്കിയ ഒന്നാംഘട്ട പ്രവര്‍ത്തനങ്ങള്‍ മികച്ച വിജയം നേടിയ സാഹചര്യത്തിലാണിത്. കൊല്ലം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത്.
ഈ മൂന്ന് ജില്ലകളിലായി സാക്ഷരതാനിലവാരം തീരെ കുറഞ്ഞ 39 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ 234 വാര്‍ഡുകളില്‍ സാക്ഷരത, നാലാംതരം തുല്യതാ പരിപാടികള്‍ എന്നിവ നടപ്പിലാക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് സംഘാടക സമിതി രൂപീകരണവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും നടന്നു. ഇന്‍സ്ട്രക്ടര്‍മാരുടെ തെരഞ്ഞെടുപ്പ്, പഠിതാക്കളുടെ വിവരശേഖരണം, വാര്‍ഡ്തല സംഘാടകസമിതി രൂപീകരണം എന്നിവയാണ് നടന്നത്.
നാലാംതരം, ഏഴാംതരം, പത്താംതരം തുല്യതാ പരിപാടികള്‍ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. തീരദേശമേഖലയിലെ നിരക്ഷരര്‍, നവസാക്ഷരര്, സ്കൂളില്‍ നിന്ന് കൊഴിഞ്ഞു പോയവര്‍, ശാരീരിക- മാനസിക വെല്ലുവിളിയുള്ളവര്‍, നാലാംതരം വിജയിക്കാത്ത മത്സ്യത്തൊഴിലാളികള്‍ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. മത്സ്യസംരക്ഷണം, തീരദേശസംരക്ഷണം, കരിയര്‍ ഗൈഡന്‍സ് എന്നിവയെല്ലാം ലക്ഷ്യമിടുന്ന ബൃഹത്പദ്ധതിയാണ് അക്ഷരസാഗരം. ഒന്നാംഘട്ടത്തില്‍ മൊത്തം 1,605 പേര് നാലാംതരം തുല്യതാ പരീക്ഷയെഴുതി. പട്ടികജാതി വിഭാഗത്തില്‍ നിന്ന് 59 പേരും പട്ടികവര്‍ഗത്തില്‍ നിന്ന് ഒരാളും പരീക്ഷയെഴുതിയവരില്‍ ഉള്‍പ്പെടുന്നു. സാക്ഷരതാ നിരക്ക് കുറഞ്ഞ 13 തീരദേശ പഞ്ചായത്തുകളിലെ 65 വാര്‍ഡുകളിലാണ് പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."