ഔഷധസസ്യങ്ങളെ നെഞ്ചോടുചേര്‍ത്ത് പോക്കര്‍ഹാജി
തൊട്ടില്‍പ്പാലം: വാര്‍ധക്യത്തിന്റെ ചുരുളിലും രോഗാതുരമായ അവസ്ഥയിലും ഒരു പച്ചയായ പ്രണയത്തിന്റെ കഥപറയുകയാണ് ജില്ലയിലെ കിഴക്കന്‍ മലയോര പഞ്ചായത്തായ കായക്കൊടിയില്‍ നിന്ന്. പഞ്ചായത്തിലെ ദേവര്‍കോവില്‍ മണിയലംകണ്ടി വീട്ടില്‍ പോക്കര്‍ഹാജിയെന്ന 65 കാരനാണ് കഥാ നായകന്‍. ഹാജിയുടെ പ്രണയം തന്റെ തൊടിയിലും പറമ്പിലുമുള്ള ഔഷധ സസ്യങ്ങളോടാണ്. ഔഷധസസ്യങ്ങള്‍ അന്യമാവുകയും അതുലഭിക്കാനായി നാം നെട്ടോട്ടമോടുകയും ചെയ്യുമ്പോള്‍ എല്ലാം സ്വന്തം വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തി പരിപാലിക്കുകയാണ് ഈ വയോധികന്‍.
തന്റെ 25 സെന്റ് വരുന്ന ഭൂമിയിലാണ് പോക്കര്‍ഹാജി ഔഷധ സസ്യങ്ങളുടെ ഒരു അക്ഷയഖനി തന്നെ ഒരുക്കിയിരിക്കുന്നത്. ചുമ മുതല്‍ കാന്‍സറിനെ വരെ സുഖപ്പെടുത്തുന്ന ഔഷധച്ചെടികളാല്‍ സമ്പന്നമായ ഈ തോട്ടത്തില്‍ ഇരുനൂറോളം ചെടികളുണ്ട്. മുഞ്ഞ, ഇരുവേരി, മുറികൂട്ടി, ചെറിപൂള, തൈദാമ, കീഴാര്‍നെല്ലി, എരുക്ക്, പൂവാംകുറുന്തല്‍, ആടലോടകം, വെങ്കുന്നി, വാതംകൊല്ലി, അയ്യപ്പാസ്, കച്ചോലം, നിലപ്പന തുടങ്ങി എണ്ണിയാല്‍ തീരാത്ത ആയുര്‍വ്വേദ മരുന്നുകള്‍ ഇക്കൂട്ടത്തിലുണ്ട്. അതില്‍ അത്യഅപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഓരിലത്താമര, ശംഖുപുഷ്പം, ആടലോടകം എന്നിവയുമുണ്ട്. താന്‍പോകുന്ന വഴികളിലും യാത്രകളിലും മറ്റും ലഭിക്കുന്ന ഔഷധിചെടികള്‍ സ്വയംനട്ടുപിടിപ്പിച്ചാണ് ആയുര്‍വേദ മരുന്നുകളുടെ ഈ അപൂര്‍വ ശേഖരം പോക്കര്‍ഹാജി തയാറാക്കിയത്. വറുതിയുടെ ചെറുപ്രായത്തില്‍ പച്ചമരുന്നുകള്‍ ഏജന്‍സി വഴി വില്‍പ്പനടത്താന്‍ പോക്കര്‍ഹാജിക്ക് അവസരം ലഭിച്ചിരുന്നു. ഈസമയം താന്‍വില്‍ക്കുന്നതും മറ്റുമായുള്ള ഔഷധികളുടെ ഫലവും ഉപയോഗവും അന്നത്തെ നാട്ടുവൈദ്യന്‍മാരില്‍ നിന്ന് പകര്‍ന്നുകിട്ടിയ അറിവാണ് മുതിര്‍ന്നപ്പോള്‍ ആ ഔഷധികളെ നട്ടുവളര്‍ത്തി പരിപാലിക്കാന്‍ പോക്കര്‍ഹാജിയെ പ്രചോദിപ്പിച്ചത്. പോക്കര്‍ഹാജി വളര്‍ത്തുന്ന ഔഷധ സസ്യങ്ങളുടെ പെരുമ കേട്ട് ദിനേന നിരവധി ആളുകളാണ് വിവിധ രോഗശമനത്തിനായി ചെടികളന്വേഷിച്ചു ഇദ്ദേഹത്തിനരികെയെത്തുന്നത്. കടകളിലും മറ്റും വലിയ വില തന്നെ ഈടാക്കുന്ന ഇത്തരം ചെടികള്‍ യാതൊരു പ്രതിഫലവും വാങ്ങാതെ തീര്‍ത്തും സൗജന്യമായാണ് ആവശ്യക്കാര്‍ക്ക് നല്‍കുന്നത്. മാത്രമല്ല, തന്റെ തോട്ടത്തില്‍ ഇല്ലാത്തതാണെങ്കിലും അത് ഉള്ള സ്ഥലങ്ങളില്‍ പോയി സംഘടിപ്പിച്ചു കൊടുക്കുകയും ചെയ്യും. ഇങ്ങനെ സാമ്പത്തികമായി ഒരു ലാഭവും ലഭിക്കുന്നില്ലെങ്കിലും ഔഷധ സസ്യങ്ങളെ ജീവന് തുല്യം സ്‌നേഹിക്കുകയും അതിനെ പരിപാലിക്കുകയും ചെയ്യുന്നതിലൂടെ സാമൂഹ്യമായ ഒരു സന്ദേശവും നന്‍മയും നല്‍കാന്‍ കഴിയുന്നതില്‍ പൂര്‍ണ സംതൃപ്തനാണ് ഇദ്ദേഹം. രണ്ടു വര്‍ഷമായി തുടരുന്ന ഈ സപര്യ മുടക്കമില്ലാതെ തുടരുമ്പോള്‍ ഭാര്യ ബിയ്യയും ഒപ്പം മക്കളും സഹായത്തിനായി കൂടെയുണ്ട്.
ഹൃദസംബന്ധമായ രോഗത്തില്‍ കഴിയുന്ന പോക്കര്‍ഹാജി രണ്ട് ശസ്ത്രക്രിയ കഴിഞ്ഞിരിക്കുകയാണ്. ഈ അവസരത്തിലും ഔഷധി സസ്യങ്ങളെ അഗാധമായി പ്രണയിക്കുന്ന ഇദ്ദേഹത്തിന് തന്റെ വീടിനു ചുറ്റും പരന്നു കിടക്കുന്ന സസ്യങ്ങളെ ഏകീകരിച്ച് ഒരു തോട്ടമാക്കി പരിപാലിക്കാന്‍ അതിയായ ആഗ്രഹമുണ്ട്. അതിനായി കൃഷി ഉദ്യോഗസ്ഥരുടെയും മറ്റു ബന്ധപ്പെട്ടവരുടെയും സഹായത്തിനായി കാത്തിരിക്കുകയാണ്. ഫോണ്‍: 8086913251
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."