91,169 സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ബി.പി.എല്‍ റേഷന്‍ കാര്‍ഡുകള്‍ എ.പി.എല്‍ ആക്കി
തൊടുപുഴ: റേഷന്‍ കാര്‍ഡിലെ മുന്‍ഗണന പട്ടികയില്‍ അനര്‍ഹമായി ബി.പി.എല്‍ (ബിലോ പോവര്‍ട്ടി ലൈന്‍) പട്ടികയില്‍ ഇടം നേടിയ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും സ്വയം ഒഴിവാകാന്‍ നിര്‍ദേശം വന്നപ്പോള്‍, സംസ്ഥാനത്ത് 91169 കുടുംബങ്ങളുടെ റേഷന്‍ കാര്‍ഡ് എ.പി.എല്‍ ആയി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന് കഴിഞ്ഞ 16 വരെ ലഭിച്ച കണക്കാണിത്.
സര്‍ക്കാര്‍,കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, പൊതുമേഖല സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍, സ്വകാര്യ മേഖലയിലെ ഉയര്‍ന്ന ശമ്പളക്കാര്‍, ആദായ നികുതി അടക്കുന്നവര്‍, പെന്‍ഷന്‍കാര്‍ എന്നിവരുടെ കാര്‍ഡുകളാണ് ശക്തമായ നടപടികളുണ്ടാകുമെന്ന തിരിച്ചറിവിനെത്തുടര്‍ന്ന് ബി.പി.എല്ലില്‍നിന്ന് എ.പി.എല്‍ ആക്കാന്‍ തയാറായത്.
തലസ്ഥാനത്താണ് കൂടുതല്‍ കാര്‍ഡുകള്‍ ബി.പി.എല്‍ ആയി നിലനിര്‍ത്തിയിരുന്നത്. 14651 കാര്‍ഡുകളാണ് എ.പി.എല്‍ ആയത്. കൊല്ലത്ത് 9347 ബി.പി.എല്‍ കാര്‍ഡുകള്‍ ഒഴിവാക്കി. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യഥാക്രമം 5467,8864,6405 എന്നിങ്ങനെയാണ് കണക്ക്. ഇടുക്കി 2701, എറണാകുളം7160, തൃശൂര്‍ 9104, പാലക്കാട് 6920, മലപ്പുറം 6523 , കോഴിക്കോട് 5831, വയനാട് 1805, കണ്ണൂര്‍ 4716, കാസര്‍കോട് 1675 എന്നിങ്ങനെയാണ് കണക്ക്.
ജൂലൈ അഞ്ചിനാണ് അന്നത്തെ ചീഫ് സെക്രട്ടറി നളിനി നെറ്റോ ബി.പി.എല്‍ ലിസ്റ്റില്‍ കടന്നുകൂടിയിരിക്കുന്ന ഉദ്യോഗസ്ഥരുടെ റേഷന്‍ കാര്‍ഡ് നേരിട്ട് ബോധ്യപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്.
സെപ്റ്റംബര്‍ 15 വരെയായിരുന്നു ഇതിനുള്ള സമയപരിധി. ഈ കാലയളവിന് ശേഷം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ബി.പി.എല്‍ ലിസ്റ്റില്‍ തുടരുന്നത് കണ്ടെത്തിയാല്‍ നിയമ നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. വിദേശത്ത് ജോലിയുള്ളവരുടെ വിവരങ്ങള്‍ പൂര്‍ണമായി ലഭിച്ചിട്ടില്ല. ഇതിനായുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."