വെള്ളാപ്പള്ളിയുടേത് സ്ഥാനങ്ങള്‍ ഉടന്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ തന്ത്രം
തിരുവനന്തപുരം: ബി.ജെ.പിക്കെതിരേയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന സ്ഥാനങ്ങള്‍ ഉടന്‍ നേടിയെടുക്കാനുള്ള സമ്മര്‍ദ തന്ത്രം.
ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ ഉടന്‍ പാലിക്കുമെന്ന് കഴിഞ്ഞദിവസം ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചയില്‍ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ അറിയിച്ചിരുന്നു. എന്നാല്‍, വേങ്ങര ഉപതെരഞ്ഞെടുപ്പും ബി.ജെ.പിയുടെ ജനരക്ഷാ യാത്രയും നടക്കുന്നതിനാലുള്ള വാഗ്ദാനം മാത്രമായിരിക്കും ഇതെന്ന സംശയം ബി.ഡി.ജെ.എസിനുണ്ട്.
കേന്ദ്ര സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് മൂന്നുവര്‍ഷമായിട്ടും പറഞ്ഞ വാക്കുപാലിക്കാന്‍ ബി.ജെ.പി ഇതുവരെ തയാറായിട്ടില്ല. ഈ സ്ഥാനങ്ങള്‍ പറഞ്ഞാണ് പല പ്രമുഖരെയും ബി.ഡി.ജെ.എസ് പിടിച്ചുനിര്‍ത്തിയിരിക്കുന്നത്. രണ്ടുവര്‍ഷത്തേക്കെങ്കിലും അവരെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ നിയമിക്കാനായില്ലെങ്കില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് ബി.ഡി.ജെ.എസിന് കടുത്തതാകും. അതുകൊണ്ട് എത്രയുംപെട്ടെന്ന് സ്ഥാനങ്ങള്‍ നേടിയെടുക്കുകയെന്ന ആശയമാണ് വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ക്കുള്ളത്. വെള്ളാപ്പള്ളിയുടെ ഈ നിലപാടിന് ബി.ഡി.ജെ.എസിന്റെ പൂര്‍ണ പിന്തുണയുമുണ്ട്. എല്‍.ഡി.എഫ് - യു.ഡി.എഫ് മുന്നണികളുമായി സഹകരിക്കുന്നത് ഉള്‍പ്പെടെയുള്ള വെള്ളാപ്പള്ളിയുടെ പരസ്യ പ്രതികരണമാണ് ഒരു ഉറപ്പുതരുന്നതിലേക്കെങ്കിലും ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ എത്തിച്ചത്.
നാളികേര വികസന ബോര്‍ഡ് അധ്യക്ഷന്‍, സ്‌പൈസസ് ബോര്‍ഡ്, ഐ.ടി.ഡി.സി, എഫ്.സി.ഐ, ദേശീയ ബാങ്ക് ബോര്‍ഡ് എന്നിവയില്‍ ഓരോ അംഗങ്ങളെയും ഏഴ് സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നല്‍കാമെന്ന മുന്‍ ധാരണയാണ് ഉടന്‍ നടപ്പാക്കുമെന്ന് ബി.ഡി.ജെ.എസിന് ഉറപ്പുലഭിച്ചിരിക്കുന്നത്. ഈ സ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തുഷാര്‍ വെള്ളാപ്പള്ളി കൈമാറിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."