ഇനി സോളാര്‍ ഷര്‍ട്ടും സാരിയും!
ടോക്കിയോ: വളയ്ക്കാന്‍ കഴിയുന്നതും വെള്ളം കയറാത്ത രീതിയിലുമുള്ള സൗരോര്‍ജ പാനല്‍ ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. നനഞ്ഞിരിക്കുന്ന അവസ്ഥയിലും വെള്ളം ഒലിച്ചിറങ്ങുന്ന സാഹചര്യത്തിലും അതിനെ പ്രതിരോധിക്കാനും വൈദ്യുതി പ്രവഹിക്കാനുള്ള കഴിവു നല്‍കാന്‍ ശേഷിയുള്ളതാണ് പാനല്‍. സോളാര്‍ പാനലിന്റെ കണ്ടുപിടിത്തം സൗരോര്‍ജ വസ്ത്രത്തിലേക്കുള്ള വഴിതുറക്കുമെന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.
ഇതില്‍ സെന്‍സറുകള്‍ ഘടിപ്പിച്ചിരിക്കും. ഹൃദയമിടിപ്പും ശരീരോഷ്മാവും മറ്റു പ്രശ്‌നങ്ങളും അടയാളപ്പെടുത്താന്‍ പുതിയ സംവിധാനത്തിനു സാധിക്കുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷണം പുരോഗമിച്ചാല്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഇനി വെറുതേ പോക്കറ്റില്‍ ഇട്ടാല്‍ മതിയാകും.
ജപ്പാനിലെ ടോക്കിയോ സര്‍വകലാശാലയിലെ ഗവേഷകരടങ്ങുന്ന സംഘമാണ് നേര്‍ത്തതും അയവുള്ളതുമായ ഓര്‍ഗാനിക് ഫോട്ടോവോള്‍ട്ടിക് സെല്‍ വികസിപ്പിച്ചെടുത്തത്.
ഇതിന്റെ വശങ്ങള്‍ പരന്നതും വെള്ളം കയറാത്ത പാളികള്‍കൊണ്ട് വികസിപ്പിച്ചെടുത്തതുമാണ്. PNTz4T എന്ന മെറ്റീരിയല്‍ ഉപയോഗിച്ചാണ് പാളികള്‍ നിര്‍മിച്ചിരിക്കുന്നത്.
അക്രലിക് അടിസ്ഥാനമാക്കിയുള്ള ഒരു വലിച്ചുവീട്ടാവുന്ന പോളിമറിലാണ് നേര്‍ത്ത പാളികള്‍ സ്ഥാപിക്കുന്നത്. ശേഷം സമാനമായ പോളിമര്‍ ഉപയോഗിച്ച് ഉപകരണത്തിന് ആവരണം തീര്‍ക്കുന്നു. ഇത് ഉപകരണത്തിലേക്കുള്ള വെള്ളത്തിന്റെ വ്യാപനത്തിനു തടയിടുന്നു.
ഈ പോളിമര്‍ പ്രകാശത്തെ അകത്തു കടക്കുവാന്‍ അനുവദിക്കുകയും ജലത്തിന്റെ ഒഴുക്കിനു തടയിടുകയും ചെയ്യുന്നു. കാലങ്ങളോളം ഈട് നില്‍ക്കുന്ന രീതിയിലാണ് ഇതിന്റെ ഘടന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."