രോഹിംഗ്യകളെ സംരക്ഷിക്കാന്‍ ഇന്ത്യക്കു കഴിയുമോ? സുപ്രിംകോടതി
ന്യൂഡല്‍ഹി: കുട്ടികളും വൃദ്ധരും സ്ത്രീകളും രോഗികളും അടങ്ങുന്ന രോഹിംഗ്യന്‍ അഭയാര്‍ഥികളെ സംരക്ഷിക്കാനും രാജ്യാന്തര ഉടമ്പടികള്‍ പാലിക്കാനും ഇന്ത്യക്കു കഴിയുമോയെന്നു സുപ്രിംകോടതി. മ്യാന്‍മറിലെ ബുദ്ധ വംശീയവാദികളുടെയും പട്ടാളക്കാരുടെയും ആക്രമണത്തില്‍ നിന്നു രക്ഷതേടി ഇന്ത്യയിലെത്തിയ രോഹിംഗ്യന്‍ വംശജരെ നാടുകടത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചോദ്യംചെയ്യുന്ന ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി ഇങ്ങനെ ചോദിച്ചത്.
കേസിലെ നിയമവശങ്ങള്‍ മാത്രമെ കോടതി പരിശോധിക്കൂവെന്നും വൈകാരികഘടകങ്ങള്‍ പരിഗണിക്കാനാവില്ലെന്നും ചീഫ്ജസ്റ്റിസ് ദീപക്മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എ.എം ഖന്‍വില്‍കര്‍ എന്നിവരടങ്ങിയ മൂന്നംഗ സുപ്രിംകോടതി ബെഞ്ച് വ്യക്തമാക്കി. ഇത്തരം കേസുകള്‍ മാനുഷിക പരിഗണനനല്‍കി തീര്‍പ്പാക്കുന്നത് പരസ്പര യോജിപ്പോടെയാവണം. അതിനാല്‍ കേസിലേക്കു വൈകാരിക ഘടകങ്ങള്‍ കൊണ്ടുവരരുതെന്ന് ഇരുകക്ഷികളോടും കോടതി നിര്‍ദേശിച്ചു. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ രാജ്യാന്തര ഉടമ്പടിരേഖകളും സമര്‍പ്പിക്കാനും ഇരുവിഭാഗത്തോടും കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് കേസ് ഈമാസം13ലേക്കു നീട്ടുവയ്ക്കുകയായിരുന്നു.
ചൊവ്വാഴ്ച കേസ് പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത, കേസ് അല്‍പ്പാല്‍പ്പമായി കേള്‍ക്കുന്നതില്‍ സര്‍ക്കാരിനു താല്‍പ്പര്യമില്ലെന്നും വിവിധ ഘടകങ്ങള്‍ അടങ്ങിയതിനാലും പ്രത്യാഘാതങ്ങള്‍ ഉള്ളതിനാലും വിശദമായി വാദംകേള്‍ക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു. ഇതു കോടതി അംഗീകരിച്ചു. അഭാര്‍ഥികളെ നാടുകടത്താനുള്ള തീരുമാനം കോടതിക്കു ഇടപെടുന്നതിനുള്ള അധികാര പരിധിക്കു പുറത്താണെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍, ഇക്കാര്യം കോടതി അംഗീകരിച്ചില്ല. 32ാംവകുപ്പുപ്രകാരം ഒരാള്‍ ഞങ്ങളെ സമീപിച്ചാല്‍ അതുപരിഗണിക്കേണ്ടതുണ്ടെന്നു കോടതി മറുപടി പറഞ്ഞു.
മൗലികാവകാശലംഘനമുണ്ടായാല്‍ അതുസ്ഥാപിച്ചെടുക്കാന്‍ അനുവദിക്കുന്ന ഭരണഘടനയുടെ 32ാം വകുപ്പ് ഇവിടെ പ്രായോഗികമാണെന്ന് രോഹിന്‍ഗ്യകള്‍ക്കു വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഫാലി എസ്. നരിമാന്‍ വാദിച്ചു. ജീവിക്കാനുള്ള അവകാശം സംബന്ധിച്ച 21ാംവകുപ്പുപ്രകാരം, മറ്റൊരുനാട്ടില്‍ നിന്നു അഭയമന്വേഷിച്ചെത്തിയവരും സംരക്ഷിതമാണ്. നമ്മുടെ ഭരണഘടന ഫ്രാന്‍സിലേതു പോലെ വ്യക്തികളുടെ അവകാശത്തിലധിഷ്ടതമാണ്. കേന്ദ്രസര്‍ക്കാര്‍ മുമ്പ് എപ്പോഴും അഭയാര്‍ഥികളുടെ സംരക്ഷിച്ചുപോന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
യു.എന്‍ അഭയാര്‍ഥി ഹൈക്കമ്മിഷനു കീഴില്‍ (യു.എന്‍.എച്ച്.സി.ആര്‍) രജിസ്റ്റര്‍ ചെയ്ത രോഹിന്‍ഗ്യാ വംശജരായ മുഹമ്മദ് സലീമുല്ലയും മുഹമ്മദ് ഷഖീറും സമര്‍പ്പിച്ച ഹരജിയാണ് നിലവില്‍ സുപ്രിംകോടതി മുമ്പാകെയുള്ളത്. രോഹിന്‍ഗ്യകളെ നാടുകടത്താനുള്ള നീക്കം തങ്ങളുടെ ഭരണപരമായ തീരുമാനം ആണെന്നും അതില്‍ സുപ്രിംകോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞമാസം കേന്ദ്ര ആഭ്യന്തരമന്ത്രാലയം സുപ്രിംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഇവര്‍ ഇന്ത്യയില്‍ തുടരുന്നത് രാജ്യത്തിന്റെ സുരക്ഷയെ സങ്കീര്‍ണമായി ബാധിക്കുമെന്നും അഭയാര്‍ഥികളില്‍ ചിലര്‍ക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായും പാക് ചാരസംഘടനയായ ഐ.എസ്.ഐയുമായും ബന്ധമുണ്ടെന്നുമാണ് സര്‍ക്കാരിന്റെ ആരോപണം.
കേസില്‍ മുസ്‌ലിം യൂത്ത് ലീഗ് നേരത്തെ കക്ഷി ചേര്‍ന്നിരുന്നു. കക്ഷിചേരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐയും സുപ്രിംകോടതിയില്‍ ഇപ്പോള്‍ അപേക്ഷനല്‍കി. 1989 ലെ യു.എന്‍ ഉടമ്പടി പ്രകാരം അഭയാര്‍ത്ഥികളായ കുട്ടികളുടെ അരോഗ്യ വിദ്യാഭ്യാസ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ രാജ്യങ്ങള്‍ക്ക് ഉത്തരവാദിത്വമുണ്ട്. ജീവനു ഭീഷണിയുള്ളപ്പോള്‍ അവരെ തിരിച്ച് മാതൃരാജ്യങ്ങളിലേക്ക് തിരിച്ചയക്കരുത് എന്നും ഉടമ്പടി പറയുന്നുണ്ട്. ഈ ഉടമ്പടിയില്‍ 1992ല്‍ ഇന്ത്യ ഒപ്പുവച്ചതിനാല്‍ അതുപാലിക്കേണ്ട ഉത്തരവാദിത്വം കേന്ദ്രസര്‍ക്കാരിനുണ്ടെന്നും സുഭാഷ് ചന്ദ്രന്‍ മുഖേന സമര്‍പ്പിച്ച ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."