പുല്‍ത്തകിടി തൊട്ടു താരങ്ങള്‍
കൊച്ചി: നക്ഷത്രതാരങ്ങള്‍ പറന്നിറങ്ങിയത് കൗമാര വിശ്വപോരാട്ടത്തിന്റെ ആരവങ്ങളിലേക്ക്. വിശ്രമത്തിന് ഇടവേള നല്‍കാതെ താരങ്ങള്‍ കൊച്ചിയുടെ പുല്‍ത്തകിടിയില്‍ പരിശീലനത്തിനിറങ്ങി. സ്പെയിനും ബ്രസീലും ഉത്തര കൊറിയയും നൈജറുമാണ് കേരളത്തെ കളിയാവേശത്തിന്റെ കൊടുമുടിയേറ്റാന്‍ പറന്നെത്തിയത്. ചുവന്ന റോസാപുഷ്പങ്ങള്‍ നല്‍കിയായിരുന്നു ടീമുകളെ കേരളം വരവേറ്റത്. യൂറോപ്യന്‍ കരുത്തരായ സ്പാനിഷ് പടയാണ് ആദ്യം പറന്നിറങ്ങിയത്. പിന്നാലെ ലാറ്റിനമേരിക്കന്‍ വസന്തവുമായി ബ്രസീലും ഏഷ്യന്‍ കരുത്തരായ ഉത്തര കൊറിയയും ആഫ്രിക്കന്‍ പോരാട്ട വീര്യവുമായി നൈജറും എത്തി.
മൂന്ന് ദിനങ്ങള്‍ പിന്നിടുന്നതോടെ കൊച്ചി കാല്പന്തു കളിയുടെ ആവേശത്തിലേക്ക് കൊട്ടിക്കയറും. ഗ്രൂപ്പ് ഡിയില്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു രാജ്യാന്തര സ്റ്റേഡിയത്തിലെ അണ്ടര്‍ 17 ലോകകപ്പ് മത്സരങ്ങള്‍ക്ക് പന്തുരുളുന്നത് ഏഴിന് വൈകിട്ട് അഞ്ചിന് ബ്രസീല്‍, സ്പെയിന് പോരാട്ടത്തോടെയാണ്. ഇന്ത്യ ആതിഥ്യമേകുന്ന കൗമാര ലോകകപ്പിലെ അത്യന്തം വാശിയേറിയ മത്സരങ്ങളില്‍ ഒന്നായി മാറും ബ്രസീല്‍-സ്പെയിന് പോരാട്ടം. ബ്രസീലും സ്പെയിനും ഇന്നലെ പരിശീലനത്തിന് ഇറങ്ങിയപ്പോള്‍ കൊറിയയും നൈജറും വിശ്രമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."