ദിലീപിന് ജാമ്യം കര്‍ശന ഉപാധികളോടെ
കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയെന്ന കേസില്‍ നടന്‍ ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത് കര്‍ശന ഉപാധികളോടെ. ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവച്ചും തുല്യതുകയ്ക്കുള്ള രണ്ട് ആള്‍ജാമ്യക്കാരെ ഹാജരാക്കിയുമാണ് ദിലീപ് പുറത്തിറങ്ങിയത്. ഇരയായ നടിയെയും സാക്ഷികളെയും അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ മുഖേന നേരിട്ടോ പരോക്ഷമായോ ഭീഷണിപ്പെടുത്തുകയോ സ്വാധീനിക്കുകയോ ചെയ്യരുതെന്നാണ് പ്രധാന വ്യവസ്ഥ.
അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാകണം, അന്വേഷണവുമായി സഹകരിക്കണം, അന്തിമ റിപ്പോര്‍ട്ട് നല്‍കുന്നതുവരെ അന്വേഷണത്തില്‍ ഇടപെടരുത്, ഏഴു ദിവസത്തിനുള്ളില്‍ മജിസ്‌ട്രേറ്റ് മുന്‍പാകെ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണം തുടങ്ങിയ വ്യവസ്ഥകളുമുണ്ട്. ഇതില്‍ വീഴ്ച വരുത്തിയാല്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.
കേസന്വേഷണത്തിലും തെളിവ് ശേഖരണത്തിലും നിര്‍ണായക ഘട്ടം പൂര്‍ത്തിയായെന്നും മുന്‍പ് രണ്ടു തവണ നല്‍കിയ ജാമ്യഹരജി തള്ളിയ സാഹചര്യത്തില്‍ ഇതുവഴി മാറ്റമുണ്ടെന്നും നിരീക്ഷിച്ചാണ് 84 ദിവസത്തെ ജയില്‍വാസത്തിനൊടുവില്‍ സിംഗിള്‍ബെഞ്ച് ജാമ്യം അനുവദിച്ചത്.
പള്‍സര്‍ സുനിയുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ഫെബ്രുവരി 17നാണ് നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്തിയത്. സംഭവത്തിന്റെ ആസൂത്രകന്‍ ദിലീപാണെന്ന പ്രോസിക്യൂഷന്റെ ആരോപണം ഗൗരവമുള്ളതാണെങ്കിലും കേസിലെ ഒന്നു മുതല്‍ ആറുവരെയുള്ള പ്രതികളെപ്പോലെ ലൈംഗിക അതിക്രമത്തില്‍ ദിലീപ് നേരിട്ട് പങ്കാളിയല്ലെന്നു കോടതി വിലയിരുത്തി.
ഗൂഢാലോചനക്കുറ്റം ചുമത്തിയതിലൂടെയാണ് ഈ കുറ്റം ദിലീപിനെതിരേ ആരോപിക്കപ്പെടുന്നത്. ഗൂഢാലോചനക്കുറ്റം ചുമത്തുന്ന കേസുകളില്‍ പ്രതിയുടെ പങ്കാളിത്തം തെളിയിക്കേണ്ടത് രേഖാമൂലവും വാക്കാലുള്ളതുമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ്. മൊബൈല്‍ ഫോണ്‍വിളി വിവരങ്ങള്‍, ടവര്‍ ലൊക്കേഷന്‍ രേഖകള്‍, ബില്ലുകള്‍, രജിസ്റ്റര്‍ തുടങ്ങിയവയാണ് ഈ കേസിലെ രേഖാമൂലമുള്ള തെളിവുകള്‍. ഇരുപതോളം സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്തി. മറ്റു ചില പ്രധാന സാക്ഷികളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയാണ് വാക്കാലുള്ള തെളിവുകള്‍. ഇവയൊക്കെ ശേഖരിച്ചു കഴിഞ്ഞതിനാല്‍ വിചാരണയില്‍ പ്രതി ഇടപെടുമെന്ന ആശങ്കയുടെ പേരില്‍ ദിലീപിനെ കസ്റ്റഡിയില്‍ വയ്‌ക്കേണ്ട ആവശ്യമില്ല. മാത്രമല്ല, ദിലീപിന് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്ന് പ്രോസിക്യൂഷനു പോലും ആരോപണമില്ല. കര്‍ശന ജാമ്യവ്യവസ്ഥകള്‍ ഏര്‍പ്പെടുത്തിയാല്‍ പ്രോസിക്യൂഷന്റെ ആശങ്കകള്‍ പരിഹരിക്കാനാവും. കേസില്‍ വിചാരണ പൂര്‍ത്തിയാക്കാനും നടിക്കും സാക്ഷികള്‍ക്കും ഭീഷണിയില്‍നിന്ന് സംരക്ഷണം ഉറപ്പാക്കാനും കോടതിക്ക് ബാധ്യതയുണ്ട്. ആ നിലയ്ക്ക് ഉപാധികളോടെയാണ് ജാമ്യം നല്‍കുന്നതെന്നും വിധിന്യായത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."