ദുരന്തമെത്തിയത് കടയുടെ പുതുമോടി മാറുംമുന്‍പേ
ഫറോക്ക്: കട തുടങ്ങി ദിവസങ്ങള്‍ പിന്നിടും മുന്‍പേ ഉടമകളിലൊരാളുടെ വേര്‍പാട് താങ്ങാനാകാതെ സുഹൃത്തുക്കള്‍. രാമനാട്ടുകര ദേശീയപാതയില്‍ ബൈപാസ് ജങ്ഷനു സമീപം കഴിഞ്ഞ ബുധനാഴ്ചയാണ് നാലു സുഹൃത്തുക്കള്‍ ചേര്‍ന്ന് കൂള്‍ബാര്‍ കട ആരംഭിച്ചത്.
കടതുറന്ന് ഒരാഴ്ച തികയും മുന്‍പേ ഷോപ്പിലെ സിലിണ്ടറില്‍നിന്നു പാചകവാതകം ചോര്‍ന്നുണ്ടായ അപകടത്തില്‍ കൊട്ടപ്പുറം തലേക്കര സ്വദേശി കെ.എം കബീറിന്റെ ജീവന്‍ പൊലിഞ്ഞതിനൊപ്പം ഒരുപാട് പ്രതീക്ഷകളും കത്തിച്ചാമ്പലായി.
കബീര്‍, അനുജന്‍ റാഫി മറ്റു സുഹൃത്തുക്കളായ പുല്ലംകുന്ന് സ്വദേശി കെ.പി നാസര്‍, സഹോദരന്‍ ശമീര്‍ എന്നിവര്‍ ചേര്‍ന്നാണ് 'കബീര്‍ കൂള്‍ബാര്‍' എന്ന പേരില്‍ സ്ഥാപനം തുടങ്ങിയത്. സാധാരണ നാസറെത്തിയാണ് രാവിലെ കട തുറക്കാറ്. കഴിഞ്ഞ ദിവസം രാത്രി അനുജന്‍ റാഫി രാവിലെ എത്തുമെന്നും ഞാന്‍ കുറച്ചുനേരം വൈകുമെന്നും പറഞ്ഞാണ് കബീര്‍ പോയത്. എന്നാല്‍ ഇന്നലെ രാവിലെ കുട്ടിയെ മദ്‌റസയിലാക്കി അനുജന്റെ അടുത്തുനിന്നു ചാവിയുമെടുത്ത് കട തുറക്കാന്‍ കബീര്‍ എത്തിയതു കാത്തുനിന്ന മരണത്തിലേക്കായിരുന്നു.
കബീര്‍ ലൈറ്റ് തെളിച്ചപ്പോഴോ, സ്റ്റൗ കത്തിക്കാന്‍ ശ്രമിച്ചപ്പോഴോ ആണ് തീ ആളിപ്പടര്‍ന്നതെന്നാണ് കരുതുന്നത്. കടയ്ക്കുള്ളില്‍നിന്ന് പുക ഉയരുന്നത് കണ്ട് ഓടിക്കൂടിയ നാട്ടുകാര്‍ ദേഹമാസകലം പൊള്ളലേറ്റ കബീറിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് അശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഗ്യാസ് സ്റ്റൗവിന്റെ വാല്‍വിനു തകരാര്‍ കണ്ടതായും ഇതുവഴിയാകാം വാതകം പുറത്തേക്കു വ്യാപിച്ചതെന്നുമാണ് ഫയര്‍ഫോഴ്‌സിന്റെ നിഗമനം.
കഴിഞ്ഞ പത്തു വര്‍ഷമായി വൈദ്യരങ്ങാടിയിലെ മലബാര്‍ പ്ലാസ ഹോട്ടലില്‍ ജ്യൂസ് മേക്കറായി ജോലി ചെയ്തു വരികയായിരുന്നു. ഒരുപാട് പ്രതീക്ഷകളോടെ സുഹൃത്തുക്കള്‍ക്കൊപ്പം ആരംഭിച്ച കട സന്തോഷത്തോടെ നടത്തിവരുന്നതിനിടയിലാണ് എല്ലാം തകിടം മറിച്ച് വിധി ദുരന്തത്തിന്റെ രൂപത്തിലെത്തിയത്.
സുഹൃത്തുക്കള്‍ മൂന്നുപേര്‍ ചേര്‍ന്ന് തുടങ്ങിയ കടയ്ക്ക് കബീറിന്റെ പേരു നല്‍കിയപ്പോള്‍ അതു മായാത്ത ഓര്‍മയാകുമെന്ന് അവര്‍ നിനച്ചിരുന്നില്ല. കടയുടെ പേരിനൊപ്പം ഒരുപാടു സ്മരണകളും അവശേഷിപ്പിച്ചാണ് കബീര്‍ നാഥന്റെ വിളിക്കുത്തരം നല്‍കി പറന്നകന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."