ബഹ്‌റൈന്‍ കെ.എം.സി.സി വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
മനാമ: രാജ്യത്തെ പുതിയ സാഹചര്യത്തില്‍ വേങ്ങര തിരഞ്ഞെടുപ്പിന് ദേശീയ പ്രാധാന്യമുണ്ടെന്നും വോട്ടര്‍മാര്‍ ഇക്കാര്യം ഗൗരവത്തിലെടുക്കാന്‍ ആവശ്യമായ പ്രചരണ പ്രവര്‍ത്തനങ്ങളുണ്ടാകണമെന്നും അഴീക്കോട് എം.എല്‍.എ കെ.എം.ഷാജി ബഹ്‌റൈനില്‍ പറഞ്ഞു.
ബഹ്‌റൈന്‍ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മറ്റി മനാമ കെ.എം.സി.സിയില്‍ സംഘടിപ്പിച്ച വേങ്ങര മണ്ഡലം ഉപതെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഈ തിരഞ്ഞെടുപ്പില്‍ ഫലം അനുകൂലമായാലും പ്രതികൂലമായാലും അതിന് കേരള രാഷ്ട്രീയത്തില്‍ ഒരു പ്രാധാന്യവുമില്ല. അതേസമയം ബി.ജെ.പിയും വര്‍ഗീയ ഫാസിസ്റ്റുകളും കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ശ്രമിക്കുന്ന ഈ സാഹചര്യത്തില്‍ അക്രമ രാഷ്ട്രീയത്തിനും വര്‍ഗ്ഗീയതക്കുമെതിരെയാണ് കേരള മനസ്സ് എന്ന് ബോധ്യപ്പെടുത്താനുള്ള ശക്തമായ ശ്രമങ്ങളുണ്ടാവണം. ഇക്കാര്യത്തില്‍ കാപട്യം കാണിക്കുന്ന സി.പി.എമ്മിനെയും നാം തിരിച്ചറിയണമെന്നും അദ്ധേഹം വ്യക്തമാക്കി.
ദേശീയ രാഷ്ട്രീയത്തില്‍ ഇന്ന് സുസാധ്യമായത് രണ്ടു മുന്നേറ്റങ്ങള്‍ മാത്രമാണ്. ഒന്ന് കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മതേതരജനാധിപത്യ കക്ഷികളുടെ ഒറ്റക്കെട്ടായ മുന്നേറ്റം, മറ്റൊന്ന് ആര്‍.എസ്.എസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പിയുടെ വര്‍ഗ്ഗീയ ധ്രുവീകരണ മുന്നേറ്റം. ഇതില്‍ നാടിന്റെയും നമ്മുടെയും സുസ്ഥിതിക്കുവേണ്ടി കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള മുന്നേറ്റത്തിനൊപ്പം നില്‍ക്കുക എന്നതു മാത്രമാണ് കരണീയം. പുതിയ സാഹചര്യത്തില്‍ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കോണ്‍ഗ്രസ്സുള്‍പ്പെടുന്ന യു.ഡി.എഫ് മുന്നണിയെ ബഹു ഭൂരിപക്ഷത്തില്‍ വിജയിപ്പിച്ചാല്‍ അത് കേന്ദ്രത്തിലിരിക്കുന്നവര്‍ക്കുള്ള ശക്തമായൊരു പ്രഹരമായിരിക്കുമെന്നും അദ്ധേഹം കൂട്ടിച്ചേര്‍ത്തു.
ബഹ്‌റൈന്‍ കെ.എം.സിസി കേന്ദ്ര ആസ്ഥാനത്ത് നടന്ന പരിപാടി പ്രസിഡന്റ് എസ് വി ജലീല്‍ സാഹിബ് ഉദ്ഘാടനം ചെയ്തു. ഓ ഐ സി സി നേതാവ് ചെമ്പന്‍ ജലാല്‍, മുന്‍ ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മുന്‍ സംസ്ഥാന പ്രസിഡന്റ് സി കെ അബ്ദുറഹിമാന്‍ സാഹിബ് മുന്‍ മലപ്പുറം ജില്ലാ കെഎംസിസി പ്രസിഡന്റ് വി എച്ച് അബ്ദുല്ല സാഹിബ് തുടങ്ങിയ നേതാക്കളും കെ.എം.സിസി സംസ്ഥാന ജില്ല ഏരിയാ നേതാക്കളും പരിപാടിയില്‍ സംബന്ധിച്ചു.
ഷംസുദ്ദീന്‍ വളഞ്ചേരി , ഷാഫി കോട്ടയ്ക്കല്‍, ഉമ്മര്‍ മലപ്പുറം, മുസ്തഫ പുറത്തൂര്‍, മൗസല്‍ മൂപ്പന്‍ തിരൂര്‍, റിയാസ് ഓമാനൂര്‍ തുടങ്ങിയ മലപ്പുറം ജില്ലാ ഭാരവാഹികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
ആക്ടിംഗ് പ്രസിഡന്റ് ഇക്ബാല്‍ താനൂര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഗഫൂര്‍ അഞ്ചച്ചവടി സ്വാഗതവും ഓര്‍ഗനൈസിംഗ് സെക്രട്ടറി റിയാസ് വെള്ളച്ചാല്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."