അഴിമതിയാരോപണം: ചോദ്യം ചെയ്യലിനായി ലാലു പ്രസാദ് യാദവ് സി.ബി.ഐ ആസ്ഥാനത്ത്
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ചോദ്യം ചെയ്യലിനായി ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് സി.ബി.ഐ ആസ്ഥാനത്ത്. റെയില്‍വേ മന്ത്രിയായിരിക്കെ അനധികൃതമായി സ്വകാര്യ കമ്പനിയ്ക്ക് ഹോട്ടലുകള്‍ നടത്താനുള്ള സ്ഥലം പാട്ടത്തിനു നല്‍കിയെന്നാണ് കേസ്.
ലാലുവിനെ ചോദ്യം ചെയ്യാനായി 100ഓളം ചോദ്യങ്ങളാണ് സി.ബി.ഐ തയ്യാറാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ലാലുപ്രസാദിന്റെ മകന്‍ തേജസ്വി യാദവിനെ സി.ബി.ഐ അടുത്ത ദിവസം തന്നെ ചോദ്യം ചെയ്‌തേക്കും. ഇരുവര്‍ക്കും ചോദ്യം ചെയ്യണമെന്നാവശ്യപ്പെട്ട് സി.ബി.ഐ നോട്ടിസ് അയച്ചിരുന്നു.
2006ല്‍ ലാലു പ്രസാദ് റെയില്‍വേ മന്ത്രി ആയിരിക്കെ റാഞ്ചിയിലെയും പുരിയിലെയും ബി.എന്‍.ആര്‍ ഹോട്ടലുകളുടെ വികസനത്തിനും സംരക്ഷണത്തിനുമായി വിളിച്ച ടെണ്ടറില്‍ കൃത്രിമം നടത്തിയെന്നതാണ് ആരോപണം. സുജാത ഹോട്ടല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കരാര്‍ നല്‍കിയതിനുപകരമായി ലാലുവിന്റെ സഹായി പ്രേംചന്ദ് ഗുപ്ത രണ്ട് ഏക്കര്‍ ഭൂമി കൈപ്പറ്റിയെന്നും പിന്നീട് ഇത് റാബ്‌റി ദേവിയുടെയും തേജസ്വിയാദവിന്റെയും പേരിലേക്ക് മാറ്റിയെന്നും സി.ബി.ഐ പറയുന്നു.
റെയില്‍വേയുടെ കീഴിലായിരുന്ന ബി.എന്‍.ആര്‍ ഹോട്ടല്‍ 2008ല്‍ ഐ.ആര്‍.സി.ടി.സി ഏറ്റെടുത്തു. ഇതുമായി ബന്ധപ്പട്ട് ക്രിമിനല്‍ ഗൂഡാലോചന, വഞ്ചന, അഴിമതി എന്നീ വകുപ്പുകള്‍ ചുമത്തി സി.ബി.ഐ ജൂലൈയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. റാബ്‌റി ദേവി, പി.കെ ഗോയല്‍, ഐ.ആര്‍.സി.ടി.സി മുന്‍ എം.ഡി സരള ഗുപ്ത, ലാലുവിന്റെ സഹായികളില്‍ പ്രധാനിയായ പ്രേം ചന്ദ് ഗുപ്തയുടെ ഭാര്യ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.
അഴിമതിക്കേസില്‍ ലാലുവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും വസതികള്‍ ഉള്‍പ്പെടെ 12 സ്ഥലങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു. പട്‌ന, ഡല്‍ഹി, റാഞ്ചി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു റെയ്ഡ്. തേജസ്വി യാദവിനെതിരേ കേസെടുത്തതിനെ തുടര്‍ന്നാണ് ബിഹാറിലെ വിശാലസഖ്യത്തില്‍ വിള്ളലുണ്ടായത്. കുറ്റാരോപിതനായ തേജസ്വിയോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തേജസ്വി തയാറായിരുന്നില്ല. അനധികൃതമായി നേടിയ സ്ഥലം തേജസ്വിയുടെയും കൂടി പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."