കിട്ടാക്കടം കൂടുന്നുവെന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി: ചെറുകിട കര്‍ഷകരെ ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കില്ല
തിരുവനന്തപുരം: അഞ്ചു ലക്ഷം രൂപ വരെ വായ്പ എടുത്ത ചെറുകിട കര്‍ഷകരെ ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി. ഇവരെ ജപ്തി നടപടികളില്‍നിന്ന് ഒഴിവാക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതുസംബന്ധിച്ച് നിയമ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍, ഈ നിര്‍ദേശത്തിന് പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് ബാങ്കേഴ്‌സ് സമിതിയുടെ വാദം.
മുഖ്യമന്ത്രിയുടെ ഭേദഗതിക്ക് പുതിയ നിര്‍ദേശങ്ങളും ഇന്നലെ തിരുവനന്തപുരത്ത് കൂടിയ ബാങ്കേഴ്‌സ് സമിതി വച്ചിട്ടുണ്ട്. ഇളവിന് മുന്‍കാല പ്രാബല്യം പാടില്ലെന്നും സ്വന്തം പേരിലോ, ഭാര്യയുടെ പേരിലോ കൂടുതല്‍ ഭൂമിയുള്ളവരെയും നികുതി ദായകരെയും ഒഴിവാക്കണമെന്നുമുള്ള നിര്‍ദേശമാണ് ബാങ്കേഴ്‌സ് സമിതി സര്‍ക്കാരിനു മുന്നില്‍ വച്ചിരിക്കുന്നത്. വിദ്യാഭ്യാസ ലോണ്‍ എഴുതിത്തള്ളുന്ന പദ്ധതി മൂലം ഒറ്റ പാദത്തില്‍ തന്നെ കിട്ടാക്കടം 12 ശതമാനത്തില്‍നിന്നു 15 ശതമാനമായി ഉയര്‍ന്നുവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.പദ്ധതിക്ക് അപേക്ഷിക്കാനുള്ള വെബ് പോര്‍ട്ടലിന്റെ പ്രവര്‍ത്തനത്തില്‍ പ്രശ്‌നങ്ങളുണ്ട്. ഇത് അടിയന്തരമായി പരിഹരിക്കണമെന്നും യോഗം നിര്‍ദേശിച്ചു.
അതേസമയം, പ്രവാസി നിക്ഷേപം മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോര്‍ട്ടിലുണ്ട്. സംസ്ഥാനത്തെ വിവിധ ബാങ്കുകളില്‍ നിക്ഷേപമായുള്ളത് 1,54,252 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇത് 1,42,668 കോടി രൂപയായിരുന്നു. ഒരു വര്‍ഷത്തിനിടെ 11,589 കോടി രൂപയുടെ വര്‍ധനയേ ഉണ്ടായിട്ടുള്ളൂ. പ്രവാസി നിക്ഷേപത്തിന്റെ വളര്‍ച്ചയില്‍ കുറവുണ്ടാകുന്നുണ്ടെങ്കിലും നിക്ഷേപത്തില്‍ പ്രതിവര്‍ഷം വര്‍ധനവുണ്ടാകുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ലോകം സാമ്പത്തിക മാന്ദ്യത്തിലമര്‍ന്ന 2010ല്‍ മാത്രമാണ് ഇതിന് അപവാദം. പ്രവാസി നിക്ഷേപം പകുതിയിലേറെയും പൊതുമേഖലാ ബാങ്കുകളിലാണുള്ളത്. 85,681 കോടി രൂപയാണ് പൊതുമേഖലാ ബാങ്കുകളിലുള്ളത്. സ്വകാര്യ ബാങ്കുകളില്‍ 68,572 കോടി രൂപയും നിക്ഷേപമുണ്ട്. അര്‍ധ നഗരമേഖലകളിലെ ബ്രാഞ്ചുകളിലാണ് കൂടുതല്‍ നിക്ഷേപമുള്ളത്. അര്‍ധ നഗര മേഖലകളിലെ പൊതുമേഖലാ ബാങ്കുകളില്‍ 57,412 കോടി രൂപയും സ്വകാര്യ ബാങ്കുകളില്‍ 48,136 കോടി രൂപയും പ്രവാസി നിക്ഷേപമുണ്ട്. നഗരത്തിലെ ബ്രാഞ്ചുകളില്‍ ഇത് യഥാക്രമം 25,562 കോടി, 18,567 കോടി എന്നിങ്ങനെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."