കസുവോ ഇഷിഗുറോ: വിഭ്രമാത്മകതയുടെ എഴുത്തുകാരന്‍
സ്റ്റോക്‌ഹോം: രണ്ടുവര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സാഹിത്യപ്രേമികളെ തേടി സന്തോഷ വാര്‍ത്തയെത്തിയിരിക്കുന്നു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ തലങ്ങളിലൊക്കെ ശ്രദ്ധേയമായ രചനകള്‍ നിര്‍വഹിച്ച് സമകാലിക ഇംഗ്ലീഷ് ഫിക്ഷന്‍ സാഹിത്യത്തില്‍ പ്രമുഖനായ കസുവോ ഇഷിഗുറോയെ സാഹിത്യത്തിനുള്ള നൊബേല്‍ തേടിയെത്തിയിരിക്കുന്നു.
കഴിഞ്ഞ രണ്ടു വര്‍ഷവും നേരിട്ടു സാഹിത്യവുമായി ബന്ധമില്ലാത്തവര്‍ക്കായിരുന്നു പുരസ്‌കാരം നല്‍കിയിരുന്നത്. പതിവു കീഴ്‌വഴക്കങ്ങള്‍ ലംഘിച്ച് മാധ്യമപ്രവര്‍ത്തക സ്വേറ്റ്‌ലാന അലക്‌സേവിച്ചിനെ പുരസ്‌കാരത്തിനു പരിഗണിച്ച് 2015ല്‍ സ്വീഡിഷ് അക്കാദമി ലോകത്തെ ഞെട്ടിച്ചു. ഇത് സാഹിത്യലോകത്ത് ഏറെ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമിടയാക്കിയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം അമേരിക്കന്‍ റോക്ക് സംഗീത കുലപതിയായ ബോബ് ഡിലനെ പുരസ്‌കാരത്തിനു തിരഞ്ഞെടുത്ത് സാഹിത്യ പുരസ്‌കാരത്തിന് അക്കാദമി പുതിയൊരു മാനം പകര്‍ന്നുനല്‍കി. ഇപ്പോഴിതാ പുരസ്‌കാരം വീണ്ടും പരമ്പരാഗത സാഹിത്യമേഖലയിലേക്കു തന്നെ തിരിച്ചെത്തിയിരിക്കുന്നു.
രണ്ടു ജപ്പാന്‍ എഴുത്തുകാര്‍ തമ്മിലായിരുന്നു ഇത്തവണ യഥാര്‍ഥത്തില്‍ മത്സരം നടന്നത്. വിഖ്യാതനായ എഴുത്തുകാരന്‍ ഹാറുകി മുറാകാമി ആയിരുന്നു കസുവോ ഇഷിഗുറോയുടെ പ്രധാന എതിരാളി. കാലവും ഓര്‍മകളും മിഥ്യാഭ്രമങ്ങളുമെല്ലാം നിറയുന്ന വിഭ്രമാത്മകതയുടെ എഴുത്തുകാരനാണ് ഇഷിഗുറോ. ഇതുവരെ എഴുതിയ എട്ടുനോവലുകളും ഭൂതകാലത്തെ പശ്ചാത്തലമാക്കിയാണ് അദ്ദേഹം രചിച്ചിരിക്കുന്നത്.
സ്വീഡിഷ് അക്കാദമി വിശേഷിപ്പിച്ച പോലെ ഭൂമിയും മനുഷ്യനും തമ്മിലുള്ള മായികബന്ധങ്ങളുടെ അഗാധതകളെ വികാരതീവ്രമായി അദ്ദേഹം അവതരിപ്പിച്ചു. ജര്‍മന്‍ ഇതിഹാസ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്ക, ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിന്‍ ഓസ്റ്റിന്‍ എന്നിവരെ ചേര്‍ത്തുകെട്ടിയാല്‍ ഒരു ചെറുതോടിനകത്തു നിങ്ങള്‍ക്ക് കാസുവോ ഇഷിഗുറോയെ ലഭിക്കുമെന്നും കുറച്ചുകൂടി കടന്ന് ഫ്രഞ്ച് നോവലിസ്റ്റ് മാഴ്‌സല്‍ പ്രോസ്റ്റിന്റെ ചെറിയ അംശങ്ങളും നിങ്ങള്‍ക്ക് അതിനകത്തു കാണാമെന്നുമാണ് അക്കാദമിയിലെ സ്ഥിരം സെക്രട്ടറിയായ സാറാ ഡാനിയസ് വിശേഷിപ്പിച്ചത്.
27-ാം വയസില്‍ 'എ പേയ്ല്‍ വ്യൂ ഓഫ് ഹില്‍സ് ' എഴുതിയാണ് അദ്ദേഹം നോവല്‍ സാഹിത്യരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീടുവന്ന 'എന്‍ ആര്‍ടിസ്റ്റ് ഓഫ് ദ ഫ്‌ളോട്ടിങ് വേള്‍ഡ് ' വൈറ്റ് ബ്രഡ് പുരസ്‌കാരം സ്വന്തമാക്കി. മികച്ച ബ്രിട്ടീഷ് യുവ നോവലിസ്റ്റിനു നല്‍കുന്ന ഗ്രാന്റാ പുരസ്‌കാരം 1983ല്‍ സ്വന്തമാക്കിയാണ് ഇഷിഗുറോ ലോകതലത്തില്‍ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ മാസ്റ്റര്‍പീസായ ദി 'റിമൈന്‍സ് ഓഫ് ദി ഡേ' 1989ല്‍ മാന്‍ബുക്കര്‍ പുരസ്‌കാരത്തിന് അര്‍ഹമായതോടെ അദ്ദേഹം കൂടുതല്‍ വായിക്കപ്പെടാന്‍ തുടങ്ങി. 1945നുശേഷമുള്ള മികച്ച 50 സാഹിത്യകാരന്മാരെ തിരഞ്ഞെടുത്ത ടൈം മാഗസിന്റെയും ദി ടൈംസിന്റെയും പട്ടികയിലും ഇഷിഗുറോ സ്ഥാനം പിടിച്ചിട്ടുണ്ട്. നിരവധി ഭാഷകളിലേക്ക് അദ്ദേഹത്തിന്റെ കൃതികള്‍ വിവര്‍ത്തനം ചെയ്യപ്പെടുകയും ചെയ്തു.
1954 നവംബര്‍ എട്ടിന് ജപ്പാനിലെ നാഗസാക്കിയിലാണു ജനനം. ചെറുപ്പത്തില്‍ തന്നെ കുടുംബസമേതം ഇംഗ്ലണ്ടിലേക്കു താമസം മാറി. സമുദ്രഗവേഷകനായ പിതാവിന് തെക്കുകിഴക്കന്‍ ഇംഗ്ലണ്ടിലെ സറെയില്‍ ജോലി ലഭിച്ചതിനെ തുടര്‍ന്നാണ് അങ്ങോട്ടു കൂടുമാറിയത്. കെന്റ് സര്‍വകലാശാലയില്‍നിന്ന് തത്ത്വശാസ്ത്രത്തിലും ഇംഗ്ലീഷിലും ബിരുദം നേടി. ഈസ്റ്റ് ആംഗ്ലിയ സര്‍വകലാശാലയില്‍നിന്ന് സര്‍ഗാത്മക സാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."