ചരിത്രത്തിലേക്കൊരു കിക്കോഫ്
ആഗോള ഫുട്‌ബോള്‍ ഭൂപടത്തിലേക്ക് നമ്മുടെ രാജ്യവും പേരെഴുതി ചേര്‍ക്കുകയാണ്. നമ്മുടെ മണ്ണില്‍ നടാടെ അരങ്ങേറുന്ന ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോള്‍, നിറമുള്ള കാല്‍പന്ത് ഭാവി സ്വപ്‌നം കണ്ടുള്ള ഇന്ത്യയുടെ ചരിത്രത്തിലേക്കുള്ള കിക്കോഫ് കൂടിയാണ്. ലോകകപ്പില്‍ ഇന്ത്യ പന്ത് തട്ടുന്നത് കാണാനുള്ള തലമുറകള്‍ കൈമാറിയ നമ്മുടെ ആഗ്രഹവും ഇന്ന് പൂവണിയും.
ഇനിയുള്ള ദിവസങ്ങള്‍ ഇന്ത്യയിലെ ആറ് നഗരങ്ങളിലേക്കാകും ലോകത്തിന്റെ ശ്രദ്ധ. 24 രാജ്യങ്ങളില്‍ നിന്നുള്ള കൗമാര താരങ്ങള്‍ ലോകകപ്പിനായി മാറ്റുരയ്ക്കുന്നു. ഇന്ന് ലോക ഫുട്‌ബോളില്‍ നക്ഷത്രങ്ങളായി കത്തി ജ്വലിക്കുന്ന പലരും അണ്ടര്‍ 17 ലോകകപ്പിലെ താരങ്ങളായി ഉയര്‍ന്നവരാണ്. അക്കൂട്ടത്തിലേക്ക് ഇന്ത്യയില്‍ അരങ്ങേറുന്ന 17ാം അധ്യായത്തില്‍ നിന്ന് ആരൊക്കെ എന്ന് കണ്ടറിയാം.
ആതിഥേയരെന്ന നിലയിലാണ് ഇന്ത്യ നടാടെ ലോകകപ്പ് കളിക്കാനൊരുങ്ങുന്നത്. സുനില്‍ ഛേത്രിയിലെത്തി നില്‍ക്കുന്ന ഇന്ത്യ ലോകത്തിന് സംഭാവന ചെയ്ത പ്രതിഭാധനരായ ഫുട്‌ബോള്‍ താരങ്ങള്‍ക്കൊന്നും സാധിക്കാത്ത ഭാഗ്യമാണ് കോമള്‍ തട്ടാലും മലയാളി താരം രാഹുലുമടങ്ങിയ 21 അംഗ താരങ്ങള്‍ക്ക് കൈവന്നിരിക്കുന്നത്. ചരിത്രത്തില്‍ ഈ 21 പേരും അടയാളപ്പെട്ടു കഴിഞ്ഞു. ഇന്ത്യക്കായി ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച ആദ്യ സംഘമായി ഈ കൗമാര താരങ്ങള്‍ മാറുകയാണ്. നാളെ 32 ടീമുകള്‍ മാറ്റുരയ്ക്കുന്ന സീനിയര്‍ ടീമിന്റെ ലോകകപ്പ് ഫുട്‌ബോളില്‍ ഇവര്‍ ഇന്ത്യക്കായി പന്ത് തട്ടിയാലും അത്ഭുതപ്പെടേണ്ടതില്ല. ഐ.എസ്.എല്‍ ഫുട്‌ബോളിലൂടെ കൈവന്ന ഉണര്‍വ് അണ്ടര്‍ 17 ലോകകപ്പിന്റെ നടത്തിപ്പിലൂടെയും കളിക്കുന്നതിലൂടെയും ഊര്‍ജമാക്കി മാറ്റി ഭാവിയില്‍ ഇന്ത്യയും ലോക ഫുട്‌ബോളിലെ അനിഷേധ്യ ശക്തിയായി വളരുമെന്ന് പ്രത്യാശിക്കാം. അതിനുള്ള നാന്ദി കുറിക്കലായി മാറട്ടെ ഈ ലോക മാമാങ്കം. വരൂ... ആദ്യ പകുതിക്ക് തുടക്കമിട്ടുള്ള വിസിലൂതി കഴിഞ്ഞു...
നമ്മുടെ ടീം അരങ്ങേറുന്നു
ലോകകപ്പിലെ ഇന്ത്യയുടെ അരങ്ങേറ്റ മത്സരം ഇന്ന് ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ രാത്രി എട്ട് മണിക്കാണ്. എതിരാളികള്‍ കരുത്തരായ അമേരിക്ക. ഗ്രൂപ്പ് എ പോരാട്ടത്തില്‍ മാന്‍ ടു മാന്‍ മാര്‍ക്കിന് പേരുകേട്ട യു.എസ്.എ ടീം ഇന്ത്യന്‍ കുട്ടികളേക്കാള്‍ മത്സരപരിചയമുള്ളവരാണ്. എങ്കിലും ഇന്ത്യയെ സംബന്ധിച്ച് നഷ്ടപ്പെടാനൊന്നുമില്ലെന്ന തോന്നല്‍ തന്നെ കരുത്തായി മാറുമെന്ന് പ്രതീക്ഷിക്കാം. ഗ്രൂപ്പ് എയില്‍ അമേരിക്കക്ക് പുറമേ ഘാന, കൊളംബിയ ടീമുകളും ഇന്ത്യയുടെ എതിരാളികളാണ്.
ഇന്ത്യക്കായി പോരിനിറങ്ങുന്നത് ഇവര്‍
ക്യാപ്റ്റന്‍: അമര്‍ജിത് സിങ് കിയാം (മധ്യനിര താരം)
ഗോള്‍ കീപ്പര്‍മാര്‍: ധീരജ് സിങ്, പ്രഭ്‌സുഖന്‍ ഗില്‍, സണ്ണി ധലിവല്‍.
പ്രതിരോധം: ബോറിസ് സിങ് തങ്ജം, ജിതേന്ദ്ര സിങ്, അന്‍വര്‍ അലി, സഞ്ജീവ് സ്റ്റാലിന്‍, ഹെന്റ്‌റി ആന്റണി, നമിത് സന്ദീപ് ദേശ്പാണ്ഡെ.
മധ്യനിര: സുരേഷ് സിങ് വാങ്ജം, കുമന്തം നോന്‍തോയിങ്ന്‍ബ മീതയ്, അഭിജിത് സര്‍കാര്‍, കോമള്‍ തട്ടാല്‍, ലാലെന്‍ഗമവിയ, ജീക്‌സന്‍ സിങ് തൗനോജം, മുഹമ്മദ് ഷാജഹാന്‍.
മുന്നേറ്റം: അനികേത് അനില്‍ ജാദവ്, റഹീം അലി, നോന്‍ഗദംബ നോരെം, രഹുല്‍ കന്നോളി പ്രവീണ്‍.
പരിശീലകന്‍: ലൂയീസ് നോര്‍ടന്‍ ഡി മറ്റോസ്
ഇന്ന് നാല് മത്സരങ്ങള്‍
ഗ്രൂപ്പ് എ, ബി പോരാട്ടങ്ങളാണ് ആദ്യ ദിനമായ ഇന്ന് അരങ്ങേറുന്നത്. ഗ്രൂപ്പ് എയില്‍ കൊളംബിയ- ഘാന പോരാട്ടവും ഗ്രൂപ്പ് ബിയില്‍ ന്യൂസിലന്‍ഡ്- തുര്‍ക്കി മത്സരവുമാണ് നടക്കുന്നത്. വൈകിട്ട് അഞ്ചിനാണ് രണ്ട് പോരാട്ടങ്ങളും. രാത്രി എട്ടിന് നടക്കുന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഇന്ത്യ- അമേരിക്കയേയും പരാഗ്വെ- മാലിയേയും നേരിടും.
മുന്‍പ് ഒരു തവണ മാത്രമാണ് കൊളംബിയയും ഘാനയും നേര്‍ക്കുനേര്‍ വന്നത്. അന്ന് 2-1ന് ഘാന വിജയം സ്വന്തമാക്കി. തുര്‍ക്കി- ന്യൂസിലന്‍ഡ് ടീമുകളും മുന്‍പ് ഒറ്റ തവണ നേര്‍ക്കുനേര്‍ വന്നു. അന്ന് മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പരാഗ്വെ- മാലി ടീമുകള്‍ ഒറ്റ തവണ ഏറ്റുമുട്ടിയപ്പോള്‍ വിജയം പരാഗ്വെയ്‌ക്കൊപ്പം. 2-1നാണ് അന്ന് പരാഗ്വെ വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."